പൂനൂര്‍പ്പുഴയില്‍ പ്ലാസ്റ്റിക് കുപ്പികളടെ കൂമ്പാരം

കക്കോടി: പൂനൂര്‍പ്പുഴയില്‍ കക്കോടിഭാഗത്ത് പ്ലാസ്റ്റിക് കുപ്പികളടെ കൂമ്പാരം. ടാക്സിസ്റ്റാന്‍ഡിന് പിറകിലായുള്ള ഭാഗത്ത് കുപ്പികള്‍ ഒഴുകിയെത്തി പായലുകളില്ത്തടഞ്ഞ് കൂടിക്കിടക്കുകയാണ്. വന്‍തോതിലുള്ള പ്ലാസ്റ്റിക് മാലിന്യം ജലപ്രവാഹത്തെ ബാധിച്ചിട്ടും ഇവനീക്കം ചെയ്യുന്നില്ലെന്ന പരാതിയും ഉയരുകയാണ്.
ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലംപോലെ കുപ്പികള്‍ പുഴയില്‍ തിങ്ങിനിറഞ്ഞു കിടക്കുകയാണ്. വെള്ളത്തിന്റെയും മദ്യത്തിന്റെയും കുപ്പികളാണ് കൂടുതലും. ഇവ നിറഞ്ഞുകിടക്കുന്നതുകാരണം വെള്ളത്തിന്റെ ഒഴുക്കിനും തടസ്സമാവുകയാണ്. പുഴയിലേക്ക് പ്ലാസ്റ്റിക് കുപ്പികള്‍ തള്ളുന്ന പ്രവണത അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്.

കക്കോടി പാലത്തില്‍നിന്ന് പൂനൂര്പ്പുഴയിലേക്കും പുഴക്കരയിലേക്കും മാലിന്യം വലിച്ചെറിയുന്നുണ്ട്. പുഴയ്ക്കരികിലും മറ്റുമായി പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ള ചപ്പുചവറുകള്‍ കുന്നുകൂടാനും തുടങ്ങിയിട്ടുണ്ട്. വെള്ളം കേടാക്കുന്നതില്‍ കുപ്പികളും പ്ലാസ്റ്റിക് കവറുകളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വെള്ളത്തിന്റെ നിറത്തിലും മാറ്റമുണ്ടാവാന്‍ തുടങ്ങിയിട്ടുണ്ട്. പുഴയിലുള്ള കുടിവെള്ള പദ്ധതികള്‍ക്കും മാലിന്യം ദോഷകരമാണ്.

കക്കോടി ബൈപ്പാസ് റോഡിനോട് ചേര്‍ന്നുള്ള മാലിന്യക്കൂനയും പൂനൂര്പ്പുഴയ്ക്ക് ആഘാതമാണ്. കണ്ടല്ച്ചെടികള്ക്കുള്ളിലേക്കായി ഭക്ഷണാവശിഷ്ടം ഉള്‍പ്പെടെ കൊണ്ടുവന്ന് തള്ളുന്ന പ്രവണതയുമുണ്ട്. പുഴശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും മറുവശത്ത് മാലിന്യം തള്ളുന്നതും കൂടുകയാണ്.

