KOYILANDY DIARY.COM

The Perfect News Portal

പുനലൂരില്‍ സ്റ്റേഡിയവും കിഴക്കന്‍ മേഖലയില്‍ സ്‌പോര്‍ട്‌സ് സ്‌കുളും നിര്‍മിക്കാന്‍ പദ്ധതി

കൊല്ലം: കായിക വികസനത്തിനായി കിഫ്ബിയില്‍ നിന്ന് അനുവദിച്ച 700 കോടി രൂപയില്‍ നിന്ന് 40 കോടി രൂപ ചെലവഴിച്ച്‌ കൊല്ലത്ത് ജില്ലാ സ്റ്റേഡിയവും 6.5 കോടി രൂപ വിനിയോഗിച്ച്‌ പുനലൂരില്‍പുതിയ സ്‌റ്റേഡിയവും നിര്‍മിക്കുമെന്ന് കായികവും യുവജനക്ഷേമവും സംബന്ധിച്ച നിയമസഭാ സമിതി ചെയര്‍മാന്‍ ടി. വി. രാജേഷ് എം. എല്‍. എ അറിയിച്ചു. കൊല്ലം കലക്ട്രേറ്റില്‍ സമിതി നടത്തിയ സിറ്റിംഗില്‍ അംഗം എല്‍ദോ എബ്രഹാമും പങ്കെടുത്തു.

കായിക മേഖലയിലുള്ളവരുടെയും പരിശീലകരുടേയും അഭിപ്രായം കണക്കിലെടുത്ത് പുനലൂരിലോ പത്തനാപുരത്തോ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തുടങ്ങാന്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുമെന്ന് സമിതി അംഗങ്ങള്‍ വ്യക്തമാക്കി.എല്ലാ പഞ്ചായത്തിലും ഒരു സ്റ്റേഡിയം എന്ന ആവശ്യം കായികക്ഷമതാ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്നത് പരിഗണിക്കും. കായിക പരിശീലകരുടെ കുറവ് നികത്തുന്നതിനും ശുപാര്‍ശ ചെയ്യും. സ്‌പോര്‍ട്‌സ് മാറ്റുകള്‍ ആവശ്യാനുസരണം നല്‍കുന്നതിന് നടപടിയുണ്ടാകും. കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെ സൗക്യങ്ങള്‍ മെച്ചപ്പെടുത്തി ആധുനീകരിക്കും.

വിവിധോദ്ദേശ ഇന്‍ഡോര്‍ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ ടര്‍ഫ്, എന്നിവ സജ്ജമാക്കുന്നതിനൊപ്പം സമീപത്ത് ഫുട്‌ബോളിനു മാത്രമായി സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള നിര്‍ദേശവും സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ ഗ്രാന്റ് അയ്യായിരത്തില്‍ നിന്ന് 25,000 ആയി ഉയര്‍ത്തുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും. കേരളോത്സവത്തിന്റെ നടത്തിപ്പ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രൈസ് മണി പരിഷ്‌കരിക്കുന്നതും പരിഗണനയിലാണെന്ന് സമിതി അംഗങ്ങള്‍ അറിയിച്ചു.

Advertisements

ലാല്‍ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപമുള്ള നീന്തല്‍കുളത്തിന്റെ നവീകരണം ത്വരിതപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു.സിറ്റിംഗില്‍ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജറോം, കായിക- യുവജനകാര്യ അഡീഷനല്‍ ഡയറക്ടര്‍ ബി. അജിത്ത് കുമാര്‍, അണ്ടര്‍ സെക്രട്ടറി ജോസഫൈന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, കായികതാരങ്ങള്‍, കായിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിറ്റിംഗിനു ശേഷം സമിതി ചടയമംഗലം ജടായു എര്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ചു. സമിതി അംഗം അനൂപ് ജേക്കബ് എം.എല്‍.എയും സന്നിഹിതനായിരുന്നു. ഇവിടെ സാഹസിക കായിക വിനോദങ്ങള്‍ക്കുള്ള സാധ്യത സമിതി വിലയിരുത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *