KOYILANDY DIARY.COM

The Perfect News Portal

പുതുമോടിയില്‍ ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്‌സ് ഹാള്‍ 

കൊയിലാണ്ടി: സ്വാതന്ത്യ സമര ചരിത്രത്തിന്റെ ദീപ്ത സ്മരണകള്‍ ജ്വലിച്ച് നില്‍ക്കുന്ന പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാള്‍ നവീകരിച്ചു പുതുമോടിയിലാക്കി. എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ചേമഞ്ചേരി പഞ്ചായത്തിലെ ഈ പ്രധാന കമ്മ്യൂണിറ്റി ഹാള്‍ നവീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് പറഞ്ഞു. മുന്നൂറ് പേര്‍ക്ക് ഇരിക്കാവുന്ന ഈ ഹാളില്‍ നിലവിലുളള വേദി വലുതാക്കിയിട്ടുണ്ട്. ലൈറ്റുകള്‍ പുതുതായി സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഹാളിന്റെ മുന്‍വശം മനോഹരമാക്കി.
ടി.പി.രവീന്ദ്രന്‍ പ്രസിഡന്റായിരുന്ന സമയത്ത് 1980-82 കാലത്താണ് പൂക്കാട് എഫ്.എഫ് ഹാള്‍ നിര്‍മ്മിച്ചത്. സ്വാതന്ത്യ സമരത്തില്‍ ചേമഞ്ചേരിയില്‍ ഒട്ടനവധി പ്രക്ഷോഭകാരികള്‍ ഉണ്ടായിരുന്നു. സ്വാതന്ത്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പോരാളികളുടെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്.
സ്വാതന്ത്യ സമര കാലത്ത് ഒട്ടനവധി പോരാട്ടങ്ങള്‍ നടന്ന ഭൂമിയാണ് ചേമഞ്ചേരി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായിട്ട് 1942 ആഗസ്റ്റ് 19-നാണ് ബ്രിട്ടീഷ് ആധിപത്യത്തിന്റെ പ്രതീകങ്ങളായ ചേമഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസ്, തിരുവങ്ങൂര്‍ അംശ കച്ചേരി, റെയില്‍വേ സ്റ്റേഷന്‍, തിരുവങ്ങൂര്‍ ട്രെയിന്‍ ഹാള്‍ട്ട് എന്നിവ തീവെച്ച് നശിപ്പിച്ചത്. ക്വിറ്റ് ഇന്ത്യാ സമരം കേരളത്തില്‍ തീഷ്ണമായ ഒരു തലത്തിലേക്ക് ഉയര്‍ന്നത് ചേമഞ്ചേരിയിലായിരുന്നു. ഈ സമര പോരാട്ടത്തിന്റെ സ്മാരകമായി ഇന്നും നിലകൊളളുന്നത് സബ്ബ് രജിസ്ട്രാര്‍ ഓഫിസിന്റെ തകര്‍ന്ന  കെട്ടിടവും ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനുമാണ്.
റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം നവീകരിച്ചെങ്കിലും രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പുതുക്കി പണിയാനുളള ശ്രമങ്ങളൊന്നും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല.  ഈ കെട്ടിടം മഹത്തായ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സ്മാരക മന്ദിരമായി മാറ്റണമെന്നാണ് നാട്ടുകാരുടെയും ചരിത്ര സ്‌നേഹികളുടെയും  ആവശ്യം.
Share news

Leave a Reply

Your email address will not be published. Required fields are marked *