പി.കെ.വി സ്മൃതി വനപദ്ധതിയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടക്കമായി

കോഴിക്കോട്: എ.ഐ.വൈ.എഫ് നേതൃത്വത്തിലുള്ള പി.കെ.വി സ്മൃതി വനപദ്ധതിയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടക്കമായി. മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ പരിസരത്ത് പ്ലൈവിൻ തൈ നട്ടുകൊണ്ട് ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു. അമ്പതോളം തൈകളും നട്ടു. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ എല്ലാ വിഭാഗം ജനങ്ങളും കൈകോർക്കണമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു.
എ.ഐ.വൈ.എഫ് ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായിട്ടാണ് സ്മൃതി വന പദ്ധതി നടപ്പിലാക്കുന്നത്. മെഡിക്കൽ കോളെജിൽ അരയേക്കർ സ്ഥലത്താണ് വിവിധ ഫല വൃക്ഷത്തൈകൾ നടുന്നത്. ഈ തൈകൾ സംരക്ഷിക്കാനുള്ള ദൗത്യവും പ്രവർത്തകർ ഏറ്റെടുക്കും.

കൂടുതൽ സ്ഥലത്തേക്ക് പദ്ധതി വ്യാപിപ്പിക്കാനും സംഘടന ലക്ഷ്യമിടുന്നുണ്ട്. ചടങ്ങിൽ എ ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി. ഗവാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.പി.കെ. സജിത്ത് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് എന്നിവർ പങ്കെടുത്തു.

