KOYILANDY DIARY.COM

The Perfect News Portal

പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്‌

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്‌. സുനി തടവില്‍ കഴിയുന്ന കാക്കനാട് സബ് ജയിലിന്റെ സീലോട് കൂടിയുള്ളതാണ് ഈ കത്ത്. തനിക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണമെന്ന് കത്തില്‍ സുനി ആവശ്യപ്പെടുന്നു.

ചേട്ടന് എല്ലാ കാര്യവും അറിയാമല്ലോ. പണത്തിന് ആവശ്യമുള്ളതുകൊണ്ടാണ് ഇപ്പോള്‍ ചേട്ടനെ ബുദ്ധിമുട്ടിക്കുന്നത്. വാഗ്ദാനം ചെയ്ത പണം പല തവണയായെങ്കിലും തരണം. കത്തുമായി വരുന്ന വിഷ്ണുവിനോട് സഹായിക്കാന്‍ പറ്റുമോ എന്ന കാര്യം വ്യക്തമാക്കുക അല്ലെങ്കില്‍, 300 രൂപ തന്റെ ജയില്‍ വിലാസത്തിലേക്ക് മണി ഓര്‍ഡര്‍ അയക്കുക. മണിഓര്‍ഡര്‍ ലഭിച്ചാല്‍ ചേട്ടന്‍ കൈവിട്ടിട്ടില്ലെന്ന് വിശ്വസിച്ചോളാം. സുനി പറയുന്നു.

ദിലീപിന്റെ ശത്രുക്കളും നടിയുമായി അടുപ്പമുള്ളവരും തന്നെ വന്നു കാണുന്നുണ്ടെന്നും സുനി കത്തില്‍ പറയുന്നു. ഒരു സംവിധായകനുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് കത്തെഴുതുന്നതെന്നും സിനിമാ മേഖലയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും സുനി കത്തില്‍ പറയുന്നു.

Advertisements

ഈ കേസില്‍പെട്ടതോടെ കൂടി തന്റെ ജീവിതം അവസാനിച്ച പോലെയാണെന്നും തനിക്കൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേരെക്കൂടി സുരക്ഷിതരാക്കണമെന്നും കത്തില്‍ പറയുന്നു. മൂന്നു ദിവസത്തിനുള്ളില്‍ പ്രതികരണം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ എന്താണെന്ന് എനിക്കറിയമല്ലോ എന്നും പള്‍സര്‍ കത്തില്‍ പറയുന്നു.

ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് ദിലീപിന്റെ കൊച്ചിയിലെ സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്നും കത്തില്‍ സൂചിപ്പിക്കുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് കാണിച്ച്‌ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഫോണ്‍ സംഭാഷണം അടക്കമുള്ള രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്. ദിലീപിന്റെ പേര് കേസില്‍ പറയാതിരിക്കാന്‍ വിഷ്ണു ഒന്നര കോടി രൂപ ആവശ്യപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് കത്തിന്റെ പകര്‍പ്പ് പുറത്തുവന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *