പഞ്ചായത്തുകള്‍ക്ക് നല്‍കേണ്ട ഫണ്ടില്ല; വികസനപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍

കൊയിലാണ്ടി > പഞ്ചായത്തുകള്‍ക്ക് നല്‍കേണ്ട ഫണ്ടുകള്‍ കൈമാറാന്‍ ട്രഷറികള്‍ക്ക് കഴിയാത്ത രീതിയില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ പഞ്ചായത്തുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു.
സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസംപോലും ഇല്ലെന്നിരിക്കേ വികസന ഫണ്ടുകള്‍ ചെലവാക്കാതെ മുഴുവനും പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് പഞ്ചായത്തുകളെ ഫണ്ട് നല്‍കാതെ ശ്വാസംമുട്ടിക്കുന്നതെന്ന് ആക്ഷേപമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വികസന ഫണ്ട്, മെയിന്റനന്‍സ് ഫണ്ട് എന്നിവ അതാത് പഞ്ചായത്തിന്റെ പബ്ളിക് അക്കൗണ്ടിലേക്ക് നല്‍കുകയും അത് ടി.ആര്.59(ബി) ബില്‍പ്രകാരം പിന്‍വലിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഇതുവരെയുള്ളത്. 2015 മാര്‍ച്ച് 21ന് ഇറക്കിയ പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കാന്‍ തടസ്സമുണ്ടായി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകള്‍ സാംഖ്യ എന്ന ഐകെഎം സോഫ്റ്റ്വെയര് മുഖേനയാണ് തയ്യാറാക്കുന്നത്. പുതിയ ഉത്തരവുപ്രകാരം സാംഖ്യയില്‍ മാറ്റംവരുത്തുകയും അതിന്റെ ഭാഗമായി ട്രഷറിയില്‍നിന്നും പണം പിന്‍വലിക്കുന്നതിന് തടസ്സം നേരിടുകയും ചെയ്തു. പഞ്ചായത്തിന്റെ പബ്ളിക് അക്കൌണ്ടില്‍ ബാക്കിയുണ്ടായിരുന്ന നീക്കിയിരുപ്പില്‍നിന്നും ഇനി പണം പിന്‍വലിക്കാന്‍ കഴിയില്ലെന്നും പ്രസ്തുത തുക കണ്സോളിലേറ്റഡ് ഫണ്ടിലേക്ക് മാറ്റിയതായും ഇനി മുതല്‍ എല്ലാ ഫണ്ടുകളും കണ്സോളിലേറ്റഡ് ഫണ്ടില്‍നിന്നും മാത്രമേ ലഭിക്കുകയുള്ളുവെന്നും ട്രഷറികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. പഞ്ചായത്തുകള്‍ ഫണ്ട്പിന്വലിക്കണമെന്നാവശ്യപ്പെട്ടാല് സോഫ്റ്റ്വെയര് സാങ്കേതികതയുടെ പേരില്‍ ട്രഷറിയില്‍നിന്നും ബില്ല് മടങ്ങുകയാണ്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നുമാത്രമേ ഫണ്ട് പിന്‍വലിക്കാനാവൂ.

