ന്യൂസീലന്‍റ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആന്‍സിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ എത്തിക്കും
തൃശൂര്‍: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ എത്തിക്കുമെന്ന് കുടുംബം. പുലര്‍ച്ചെ 3.30 നു നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. പിന്നീട് കൊടുങ്ങല്ലൂരിലെ തിരുവള്ളൂരില്‍ ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിക്കും.
പൊതു ദര്‍ശനത്തിനു സൗകര്യം ഒരുക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സിങ്കപ്പൂര്‍, ദുബായ് വഴിയാണ് മൃതദേഹം കൊണ്ടുവരിക എന്ന് കുടുംബം അറിയിച്ചു. കബറടക്കം സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി.

ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിലെത്തിയ ആന്‍സി, ബ്രെന്‍റണ്‍ ടാരന്‍റന്‍റെ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുല്‍ നാസര്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അബ്ദുല്‍ നാസര്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍സിയ്ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

