നിയമം കയ്യിലെടുത്ത് തീര്‍ഥാടകരെ തടയാന്‍ ഒരു കാരണവശാലും അനുവദിക്കില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്

പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്ബയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം തടസ്സപ്പെടുത്താനുള്ള നീക്കം ചില വര്‍ഗ്ഗീയ തീവ്രവാദികള്‍ നടത്തുന്നുണ്ടെന്നും ഇത് അനുവദിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന വിവിധ വകുപ്പുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും അവലോകന യോഗത്തില്‍ പങ്കെടുക്കാനായി ഇന്നലെ ശബരിമല സന്നിധാനത്തെത്തി. തീര്‍ഥാടന കാലത്തിനുള്ള മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്ബയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം തടസ്സപ്പെടുത്താനുള്ള നീക്കം ചില വര്‍ഗ്ഗീയ തീവ്രവാദികള്‍ നടത്തുന്നുണ്ട്. ഇത് അനുവദിക്കാനാകില്ല.

നിയമം കൈയിലെടുത്ത് തീര്‍ഥാടകരെ തടയാന്‍ ഒരു കാരണവശാലും അനുവദിക്കുകയില്ല. ശാന്തമായ അന്തരീക്ഷത്തില്‍ തീര്‍ഥാടനം നടത്താനുള്ള ഭക്തരുടെ അവകാശം ഹനിക്കാന്‍ ആരെയും അനുവദിക്കകയില്ല. ശരണം വിളിയെ മുദ്രാവാക്യമായി പരിവര്‍ത്തനം ചെയ്യുന്നവര്‍ ശ്രീ അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അപമാനിക്കുകയാണ്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഭക്തരുടെ പിന്തുണയില്ല എന്നത് വ്യക്തമായി കഴിഞ്ഞു.

യുവതികളെ പ്രവേശിപ്പിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയല്ല ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഞാന്‍ സന്നിധാനത്തെത്തിയത്. തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ വഴി കലാപത്തിന് ശ്രമിക്കുന്നവരെ നേരിടുക തന്നെ ചെയ്യും.

