നിപ്പാ വൈറസ്; കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്

കോഴിക്കോട്: നിപാ പനി മൃഗങ്ങളെ ബാധിക്കുമെങ്കിലും വളര്‍ത്തു മൃഗങ്ങളില്‍ ഈ രോഗം വന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നിരിക്കെ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി വവ്വാലുകള്‍ കടിച്ചതായി സംശയിക്കുന്ന ചാമ്ബയ്ക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ കഴിക്കുകയോ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രയുമായി ബന്ധപ്പെടണം.
വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ വ്യക്തിശുചിത്വം പാലിക്കണം. രോഗവ്യാപനം തടയുന്നതിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിരീക്ഷണ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈനും പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റേറ്റ് ആനിമല്‍ ഡിസീസ് ഏമര്‍ജന്‍സി കണ്ട്രോള് (നിപ്പ വൈറല്‍ പനി) ഹെല്‍പ്പ് ലൈന്‍ നം. 0471- 2732151. നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡയറക്ടര്‍ അറിയിച്ചു.

നിപ വൈറസ് ബാധയെ തുടര്‍ന്ന് മൂന്ന് പേര് മരിച്ച ചങ്ങരോത്ത് പഞ്ചായത്തില്‍ ശുചിത്വ മിഷന്, ഹരിത കേരളം, നിറവ് വേങ്ങേരി എന്നിവയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ശുചിത്വ മിഷന് കീഴിലെ ഹരിത കര്‍മ സേനയും ആരോഗ്യ ജാഗ്രതാ വളണ്ടിയര്‍മാരും പഞ്ചായത്തിലെ വിവിധ മേഖലകളില്‍ നിന്ന് ശേഖരിച്ച 23 ലോഡ് അജൈവ പാഴ്വസ്തുക്കള് പുന:ചംക്രമണത്തിനായി നിറവ് വേങ്ങേരി ഏറ്റെടുത്തു. വീടുകളില്‍ നിന്ന് ശേഖരിച്ച ജൈവ പാഴ് വസ്തുക്കള്‍ വീടുകളുടെ സമീപത്ത് തന്നെ കുഴിയെടുത്ത് മൂടുകയും ചെയ്തു. മൂന്ന് ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത്രയും പാഴ്വസ്തുക്കള് ശേഖരിക്കാനും കയറ്റിയയക്കാനും കഴിഞ്ഞതെന്ന് ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എം സൂര്യ പറഞ്ഞു.

