നാട്യങ്ങളില്ലാതെ ജനഹൃദയങ്ങൾ കീഴടക്കി കൊയിലാണ്ടിയുടെ ദാസേട്ടൻ

കൊയിലാണ്ടി : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നിലവിലെ എം. എൽ. എ. ദാസേട്ടൻ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്നത്. കഴിഞ്ഞ 5 വർഷം കൊയിലാണ്ടിയെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ കെ. ദാസൻ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് നേതൃത്വം കൊടുത്തത്. മണ്ഡലത്തിലെ ഓരോ പ്രദേശത്തും വികസനത്തിന്റെ വെള്ളി വെളിച്ചം പകരാൻ സാധിച്ച ചാരിദാർത്ഥ്യത്തോടുകൂടിയാണ് പൊതുജനങ്ങളെ അഭിമുഖീകരിക്കുന്നത്.
ഒരു പ്രതിപക്ഷ എം. എൽ. എ. ആയിട്ടും ഭരണപക്ഷം അവഗണിച്ചിട്ടും നിയമസഭയിൽ നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്. കൊയിലാണ്ടി താലൂക്കാശുപത്രിക്ക് വേണ്ടി നിർമ്മിക്കുന്ന 5 നില കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഉദ്ഘാടനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടിയുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി (ഡീപ്) പ്രവർത്തനങ്ങൾ തുടക്കമിട്ടുകഴിഞ്ഞു. കൊയിലാണ്ടി ഗവർമെന്റ് ബോയ്‌സ് ഹൈസ്‌കൂളിൽ ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യരുടെ നാമധേയത്തിൽ ഹൈടെക് കെട്ടിടം ഗവർണർ ആർ സദാശിവം ഉദ്ഘാടനം ചെയ്തു. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിന് വേണ്ടി നിർമ്മിച്ച പൂതിയ ബ്ലോക്കും സമീപദിവസമാണ് കുട്ടികൾക്ക് വേണ്ടി തുറന്ന് കൊടുത്തത്. അങ്ങിനെ മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്‌ക്കൂളുകളെ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനു വേണ്ടിയുളള പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. എം.എൽ.എയുടെ ശ്രമഫലമായി തീരദേശ റോഡിന്റെ പ്രവൃത്തി 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. മണ്ഡലത്തിലെ മറ്റ് പൊതുമരാമത്ത് വർക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സാധിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് ഗവർമെന്റിന്റെ നേതൃത്വത്തിൽ റീ ഓപ്പൺ ചെയ്യാൻ തീരുമാനിച്ച തിരുവങ്ങൂർ കാലിത്തീറ്റ ഫാക്ടറി തുറക്കുന്നതിനു വേണ്ടിയുളള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ആയിരക്കണക്കിന് ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനുളള ബൃഹത് പദ്ധതിയായ വെളിയണ്ണൂർ റഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. മണ്ഡലത്തിലെ പ്രധാന ടൗണുകളിലും കവലകളിലും ഗ്രാമ ജ്യോതി പദ്ധിയിൽ ഉൾപ്പെടുത്തി 57 കേന്ദ്രങ്ങളിൽ 2 കോടി ചെലവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച് ശ്രദ്ധേയമായ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. 2 തവണ കൊയിലാണ്ടി നഗരസഭ ചെയർമാനും,

കഴിഞ്ഞ പതിറ്റാണ്ടുകളായി തൊഴിലാളി യൂണിയൻ രംഗത്ത് പ്രവർത്തിച്ച് സാധാരണക്കാരിൽ സാധാരണക്കാരനായി സി.ഐ.ടി.യു വിന്റെ ജില്ലയുടെ നേതൃനിരയിലേക്ക് ഉയർന്നുവന്ന് ഏവരുടേയും പ്രിയപ്പെട്ടവനായി, മണ്ഡലത്തിലെ ഓരോ സാധാരണക്കാരനേയും നേരിട്ടറിയുന്ന ഈ തൊഴിലാളി നേതാവിന് തെരെഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട ആളുകൾ വൻ വരവേൽപ്പാണ് നൽകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന മണ്ഡലം വികസന ജാഥ കടന്നുപോയ വഴികളിൽ കാത്തുനിന്നവരെ കൈവീശി അഭിവാദ്യം ചെയ്തും, ഹസ്തദാനം നൽകി സൗഹൃദം പങ്കിട്ടും അവരിലൊരാളായി തികഞ്ഞ ആത്മവിശ്വാസത്തോടെ അടുത്ത കേന്ദ്രത്തെ ലക്ഷ്യമാക്കി പര്യടനം തുടരുന്നു.

എതിർ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം വരുന്നതിനു മുമ്പെ ഒന്നാം വട്ടം പര്യടനം പൂർത്തിയാക്കി എതിർ സ്ഥാനാർത്ഥികളെ ബഹൂദൂരം പിന്നിലാക്കി മുന്നേറുകയാണ്. ഇന്നലെ കൊയിലാണ്ടിയിലും ചെങ്ങോട്ടുകാവിലും വോട്ടർമാരെ നേരിൽ കണ്ടും പൊയിൽകാവ്, മേലൂർ എന്നീ പ്രദേശങ്ങളിലെ ചെറു യോഗങ്ങളിൽ പങ്കെടുത്തും രണ്ടാം ഘട്ട പര്യടനം പൂർത്തിയാക്കി ഇന്ന് കാലത്ത് മുതൽ മൂന്നാം വട്ട തെരെഞ്ഞെടുപ്പ് പര്യടനത്തിന് മൂടാടിയിൽ തുടക്കമാകും.

