നടിയെ ആക്രമിച്ച സംഭവം: അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്‍റെ സഹതടവുകാരന്‍റെ മൊഴി രേഖപ്പെടുത്തും. സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ സഹതടവുകാരന്‍ ചാലക്കുടി സ്വദേശി ജിന്‍സിന്‍റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം എറാണാകുളം ചീഫ് ജുഡീഷ്യല്‍ മജിസേട്രേറ്റ് ഉത്തരവിട്ടിരുന്നു.
ഫെബ്രുവരി 17 നു രാത്രിയാണു പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18 ന് ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകില്ലെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാല്‍, ജിന്‍സന്റെ മൊഴിയോടെ കേസ് വീണ്ടും സജീവമാകും.

നെടുമ്ബാശേരി പോലീസ് റജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസില്‍ പ്രതിയായ ജിന്‍സനെ റിമാന്‍ഡ് ചെയ്തിരുന്ന മുറിയിലാണു പള്‍സര്‍ സുനിയേയും പാര്‍പ്പിച്ചത്. നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദേശപ്രകാരമാണെന്നും പള്‍സര്‍ സുനി ജിന്‍സിനോടു പറഞ്ഞിരുന്നു. ഈ വിവരം ജയില്‍ അധികാരികള്‍ വഴി അറിഞ്ഞ അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജിന്‍സിനെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്താനാണ് ഉത്തരവ്. മൊഴി റേഖപ്പെടുത്തിയ ശേഷം മുദ്രവെച്ച കവറില്‍ കേസ് പരിഗണിക്കുന്ന കോടതിക്ക് മൊഴി കൈമാറാനും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നാല് ദിവസം മുമ്പ് ഉത്തരവിട്ടിരുന്നു.

