നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ഫോണ്‍ നശിപ്പിച്ചു: പ്രതീഷ് ചാക്കോ

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ. സുനി തനിക്ക് നല്കിയ മൊബൈല്‍, ജൂനിയറായ രാജു ജോസഫിന് കൈമാറിയിരുന്നു. രാജു ജോസഫാണ് ഫോണ്‍ നശിപ്പിച്ചതെന്ന് പ്രതീഷ് ചാക്കോ മൊഴി നല്കി. രാജു ജോസഫ് മൊബൈല്‍ കത്തിക്കുകയായിരുന്നെന്നാണ് പ്രതീഷ് പറയുന്നത്.
കേസിലെ സുപ്രധാന തെളിവ് നശിപ്പിച്ച പ്രതീഷ് ചാക്കോയ്ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്താനാണ് സാധ്യത. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ഫോണും ഉള്‍പ്പടെയുള്ളവ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്പിച്ചിരുന്നുവെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. പിന്നീട് നടത്തിയ റെയ്ഡില്‍ പ്രതീഷ് ചാക്കോയുടെ ഓഫീസില്‍ നിന്ന് മെമ്മറി കാര്‍ഡ് കണ്ടെടുത്തിരുന്നു. എന്നാല്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

