ദുരിതാശ്വാസ വിഭവ സമാഹരണത്തില്‍ കൈ താങ്ങായി കുട്ടിക്കൂട്ടം

കൊച്ചി> ജില്ലാ ഭരണകൂടത്തില്‍ ദുരിതാശ്വാസ വിഭവ സമാഹരണത്തില്‍ പുതു മാതൃകയായി ‘കുട്ടിക്കൂട്ടം’ എത്തി. അയല്‍വാസികളും കളിക്കൂട്ടുകാരുമായ ആറംഗ വിദ്യാര്‍ത്ഥി സംഗമാണ് തങ്ങള്‍ മിച്ചം പിടിച്ച പണമുപയോഗിച്ച് വാങ്ങിയ ദുരിതാശ്വാസ സാമഗ്രികളുമായി കളക്‌ട്രേറ്റിലെ വിഭവ സമാഹരണ കേന്ദ്രത്തിലെത്തിയത്. ദുരിതാശ്വാസ ക്യാമ്ബുകളിലേക്കുള്ള കുഞ്ഞുടുപ്പുകളും ബിസ്കറ്റടക്കമുള്ള സാധനങ്ങളുമായി കേന്ദ്രത്തിലെത്തിയ ഇവര്‍ അത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് മഹേശ്വര്‍, മേരി മാത പബ്ലിക് സ്കൂളിലെ അഭിനവ് രതീഷ്, മോറക്കാല സെന്റ് മേരീസ് എച്ച് എസ് എസ്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇ ഡി. അഖില്‍, ഇ ഡി അമല്‍, സെന്‍റ് ചാള്‍സ് കോണ്‍വന്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുന്‍ റെജി, തൃക്കാക്കര സെന്റ് ജോസഫ് ഇ എം എച്ച് എസ് എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കിരണ്‍. കെ. ഗിരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പോക്കറ്റ് മണിയായി ലഭിച്ച പണമുപയോഗിച്ചും അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ശേഖരിച്ചുമാണ് സാമഗ്രികള്‍ വാങ്ങാനാവശ്യമായ പണം ഇവര്‍ ശേഖരിച്ചത്.

