KOYILANDY DIARY.COM

The Perfect News Portal

തെരുവ് സർക്കസ്സ് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഗായത്രി വിവാഹിതയായി

കുന്ദമംഗലം: തെരുവ് സര്‍ക്കസ് സംഘത്തിന്റെ ക്രൂരമായ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് അനാഥാലയത്തില്‍ അഭയം തേടി ജില്ലാ സ്കൂള്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ വരെയെത്തിയ ഗായത്രി സുമംഗലിയായി. കോഴിക്കോട് കുന്ദമംഗലം മുറിയനാല്‍ സ്വദേശി കരുവാരപ്പറ്റ ഷിബുവാണ് ഗായത്രിയെ ജീവിത സഖിയാക്കിയത്.

ഇന്നലെ രാവിലെ 11 ന് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. മൈസൂരില്‍ ജനിച്ച ഗായത്രിയുടെ പിതാവ് നേരത്തെ മരിച്ചു പോയി. അമ്മയുടെ രണ്ടാം ഭര്‍ത്താവ് തെരുവ് സര്‍ക്കസുകാരനായിരുന്നു. സര്‍ക്കസ് നടത്തുന്നതിന് ഗായത്രിയേയും കൊണ്ട് ചുറ്റിക്കറങ്ങി. ക്രൂരമായി പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഗായത്രിയെ സര്‍ക്കസ് അഭ്യാസത്തിന് ഉപയോഗപ്പെടുത്തിയത്.

സ്കൂളില്‍ പോകാനോ വിദ്യാഭ്യാസം നേടാനോ അവസരമുണ്ടായില്ല. ഭീതിയോടെ തെരുവില്‍ സര്‍ക്കസ് അഭ്യാസം നടത്തിയിരുന്ന ഗായത്രി ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ സംഘത്തില്‍ നിന്നും ബന്ധുക്കളായ രണ്ട് കുട്ടികളോടൊപ്പം രക്ഷപ്പെട്ട് ആലുവയില്‍ എത്തി ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെ ജനസേവാശിശു മന്ദിരത്തില്‍ അഭയം തേടുകയായിരുന്നു.

ജനസേവ ശിശുഭവനിലെത്തിയ ഗായത്രി ജനസേവ സ്പോര്‍ട്സ് അക്കാഡമിയിലൂടെയാണ് കായിക രംഗത്ത് പ്രവേശിക്കുന്നത്. ഫുട്ബോളില്‍ മാത്രമല്ല ജുഡോ, ബാസ്കറ്റ് ബോള്‍ എന്നിവയിലും ഗായത്രി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

Advertisements

2014ല്‍ സുബ്രതോ മുഖര്‍ജി കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച സെന്റ് ജോസഫ്സ് സ്കൂളിന്റെ നായികയായ ഗായത്രി അതേവര്‍ഷം തൊടുപുഴയില്‍ നടന്ന സംസ്ഥാന സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എറണാകുളം ജില്ലാ ടീം നായികയായി തിരഞ്ഞെടുക്കപ്പെട്ടു . 2016ല്‍ എസ്.എസ്.എല്‍.സി. പാസായി തൊഴിലധിഷ്ഠിത കോഴ്സിന് ചേരാനിരിക്കുന്നതിനിടയിലാണ് അവിചാരിതമായി മംഗല്യ സൗഭാഗ്യം ഗായത്രിയെ തേടിയെത്തിയത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മുറിയനാലില്‍ കരുവാരപ്പറ്റ വീട്ടില്‍ കുമാരന്‍ നായരുടേയും സുമതിയുടെയും മൂത്ത മകന്‍ ടൈല്‍സ് ജോലിക്കാരനായ ഷിബു നിര്‍ധന പെണ്‍കുട്ടിയെ ജീവിത പങ്കാളിയാക്കാനുള്ള അന്വേഷണത്തിനിടെയാണ് ഗായത്രിയെ കണ്ടുമുട്ടിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *