തെരുവുനായ പെറ്റുപെരുകുന്നത് തടയാനുള്ള പ്രജനന നിയന്ത്രണ പരിപാടിക്ക് കരാര്‍ ഒപ്പുവച്ചു

കോഴിക്കോട്: ജില്ലയില്‍ തെരുവുനായ പെറ്റുപെരുകുന്നത് തടയാനുള്ള പ്രജനന നിയന്ത്രണ പരിപാടിക്ക് (എ.ബി.സി) കരാര്‍ ഒപ്പുവച്ചു. ജില്ലാ ഭരണകൂടവും ബാംഗ്ലൂര്‍ ആസ്ഥാനമായുളള ആനിമല്‍ റൈറ്റ് ഫണ്ടുമാണ് തിങ്കളാഴ്ച കരാറില്‍ ഒപ്പുെവച്ചത്. കോഴിക്കോട് പ്രോജക്‌ട് ഫോര്‍ ആനിമല്‍ റിഹാബിലിറ്റേഷന്‍ യൂസിങ് നോണ്‍ വയലന്റ് ആള്‍ട്രനേറ്റീവ്സ് (കരുണ) എന്നാണ് പദ്ധതിക്ക് നല്‍കിയിട്ടുളള പേര്.
ഇതിനായി 1.87 കോടി രൂപ പ്രാരംഭഘട്ടത്തില്‍ ചെലവഴിക്കാനാണ് തീരുമാനം. എട്ട് വിവിധ സ്ഥലങ്ങളില്‍ ഇതിനായി സംവിധാനമൊരുക്കും. കൊയിലാണ്ടി, വടകര, ബാലുശ്ശേരി, പേരാമ്ബ്ര, പുതുപ്പാടി, കുന്നമംഗലം, മാങ്കാവ്, കുന്നുമ്മല്‍ എന്നീ സ്ഥലങ്ങളിലാണ് നായകളുടെ വന്ധ്യംകരണ പദ്ധതിക്ക് കരുണ എ.ബി.സി. സെന്ററുകള്‍ക്കുള്ള താത്കാലിക സംവിധാനമൊരുക്കിയിട്ടുളളത്. ഇതിന്റെ ജില്ലാതല ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18-ന് കൊയിലാണ്ടി പുളിയഞ്ചേരിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വ്വഹിക്കും. ഒരു നായയ്ക്ക് 1450 രൂപയാണ് മൊത്തം ചെലവ് കണക്കാക്കിയിരിക്കുന്നത്.

നായയെ വന്ധ്യംകരിക്കുക,പ്രതിരോധ കുത്തിവെപ്പ് നടത്തുക, മൂന്ന് ദിവസമുള്ള നായയുടെ ഭക്ഷണ ചെലവ്, മൃഗഡോക്ടര്‍മാര്‍, അനുബന്ധതൊഴിലാളികള്‍, അവരുടെ പ്രതിഫലം, നായകളെ കൊണ്ടുപോകാനുളള വാഹനചെലവ് തുടങ്ങിയവയെല്ലാം ഈ തുകയിലുള്‍പ്പെടും. ഇതിനുളള എല്ലാ ജീവനക്കാരെയും കമ്ബനി കൊണ്ടുവരണം. വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിക്കുന്ന തെരുവുനായകളെ അതിന്റെ ആവാസസ്ഥലങ്ങളിലേക്ക് തന്നെ തിരിച്ചു വിടും. ശസ്ത്രക്രിയയ്ക്കുശേഷം താത്കാലിക കേന്ദ്രങ്ങളില്‍ മൂന്നുദിവസം നായകളെ പാര്‍പ്പിക്കും. സുപ്രീം കോടതിയുടേയും കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് എ.ബി.സി. പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ച മുഴുവന്‍ പ്രക്രിയകളും ക്യാമറയില്‍ പകര്‍ത്തും. ജില്ലയില്‍ ഏകദേശം 50,000 തെരുവുനായ്ക്കളെങ്കിലും ഉണ്ടാകാമെന്നാണ് ബന്ധപ്പെട്ടവര്‍ കണക്കാക്കിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് മുഖേന ഓരോ മാസവും ഇതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ കമ്ബനിക്ക് നല്‍കും. പദ്ധതിക്ക് നിശ്ചിതസമയപരിധിയില്ല. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും. ജില്ലാ പഞ്ചായത്ത് ഇതിന്റെ അനുമതി അപേക്ഷ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനസെക്രട്ടറിമാര്‍, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ തലങ്ങളിലുള്ളവരുടെ യോഗം ഇക്കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ നടന്നിരുന്നു. ഈയോഗത്തിലാണ് എ.ബി.സി. പദ്ധതി നടപ്പിലാക്കാന്‍ ബാംഗ്ളൂര്‍ ആസ്ഥാനമായുള്ള കമ്ബനിയെ ചുമതലപ്പെടുത്തിയത്.
