തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. പ്രധാന പങ്കാളികളായ തിരുവമ്പാടി ക്ഷേത്രത്തില്‍ പകല്‍ 11.30നും പാറമേക്കാവില്‍ 12.05നുമാണ് കൊടിയേറ്റം. ഇരുവിഭാഗത്തിന്റെയും പുറത്തേക്കെഴുന്നള്ളിപ്പും മേളവുമായി കൊടിയേറ്റ ചടങ്ങുകള്‍ നടക്കുന്നതോടെ തൃശൂര്‍ പൂരത്തിരക്കിലേക്ക് കടക്കും .തിരുവമ്പാടിയില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുശിത്തും കൊടിമരം ഒരുക്കും. ദേശക്കാരാണ് കൊടിമരമുയര്‍ത്തുക. പകല്‍ മൂന്നോടെ പുറത്തേക്കെഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്ബാടി ചെറിയ ചന്ദ്രശേഖരന് കോലമേന്തും. കുമരപുരം വിനോദിന്റെ നേതൃത്വത്തില്‍ നടപാണ്ടിയായെത്തി മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടികള്‍ ഉയര്‍ത്തും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും.
നാലു മണിയോടെ പടിഞ്ഞാറേച്ചിറയിലാണ് ആറാട്ട്.പാറമേക്കാവ് ക്ഷേത്രത്തില്‍ 12.05നാണ് കൊടിയേറ്റം. ചെമ്ബില്‍ കുട്ടനാശാരിയാണ് കൊടിമരമൊരുക്കുക. വലിയപാണിക്കു ശേഷം തട്ടകക്കാര്‍ ക്ഷേത്രത്തില്‍ കൊടിമരമുയര്‍ത്തും. തുടര്‍ന്ന് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടി ഉയര്‍ത്തും. പാറമേക്കാവില്‍ കൊടിയേറ്റത്തിനു ശേഷം അഞ്ചാനപ്പുറത്താണ് പുറത്തേക്കെഴുന്നള്ളിപ്പ്. പാറമേക്കാവ് ദേവീദാസന് കോലമേന്തും. മേളത്തിന് പെരുവനം കുട്ടന്മാരാരാണ് പ്രമാണം. എഴുന്നള്ളിപ്പ് കിഴക്കേ ഗോപുരം വഴി വടക്കുന്നാഥ ക്ഷേത്രത്തിനകത്തെത്തി മേളം കൊട്ടിക്കലാശിക്കും. വടക്കുന്നാഥനിലെ കൊക്കര്‍ണിയിലാണ് ആറാട്ട്. രണ്ടു ക്ഷേത്രങ്ങളിലും ഉയര്‍ത്താനുള്ള കൊടിമരങ്ങള്‍ ദേശക്കാര്‍ തിങ്കളാഴ്ച ക്ഷേത്രങ്ങളിലെത്തിച്ചു.

തൃശൂര്‍ പൂരത്തിന്റെ ഘടക പൂര ദേശക്കാരായ കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കുംപിള്ളി ശ്രീധര്‍മശാസ്ത്രാ ക്ഷേത്രം, ചെമ്ബൂക്കാവ് കാര്‍ത്യായനി ക്ഷേത്രം, ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ദുര്‍ഗാദേവീ ക്ഷേത്രം, അയ്യന്തോള്‍ കാര്ത്യായിനിദേവീ ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ചൊവ്വാഴ്ച തന്നെ വിവിധ സമയങ്ങളിലായി കൊടിയേറ്റം നടത്തും. ഘടക ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പും മേളവുമായി ആഘോഷമായാണ് കൊടിയേറ്റം. മെയ് 13നാണ് പൂരം.

