താലപ്പൊലി മഹോൽസവത്തിന്റെ വിളംബരമറിയിച്ച് ചോമപ്പന്റെ ഊരുചുറ്റൽ

കൊയിലാണ്ടി: കൊരയങ്ങാട് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ വിളംബരമറിയിച്ച് ഭഗവതിയുടെ പ്രതിരൂപമായ ചോമപ്പൻ ഊരുചുറ്റൽ ആരംഭിച്ചു. ചുവന്ന പട്ടും കൈയിൽ ഉടവാളുമായി വെള്ളിയാഴ്ച കാലത്ത് ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഗുരുസ്ഥാനത്ത് എത്തിച്ചേർന്ന ചോമപ്പനെ ക്ഷേത്രകാരണവർമാരും, ഉൽസവാഘോഷ കമ്മിറ്റി, ക്ഷേത്ര കമ്മിറ്റി വനിതാ കമ്മിറ്റി ഭാരവാഹികളും ആചാരപരമായ ഭക്തി നിർഭരമായ സ്വീകരണമാണ് നൽകിയത്.
തുടർന്ന് ചോമപ്പന്റെ അരുളപാടുണ്ടായി. ക്ഷേത്രത്തിലെ താലപ്പൊലിമഹോൽസവം ജനു.21 മുതൽ 28 വരെയാണ് നടക്കുക. ഇന്നു മുതൽ ഉൽസവ വിളംബരമറിയിച്ച് കൊണ്ട് ചോമപ്പൻ ഊരുചുറ്റും. ക്ഷേത്രവുമായി ബന്ധപ്പെട്ട തറവാടുകളിലും, സ്ഥാനികരുടെ വീടുകളിലും, മറ്റ് വീടുകളിലും ചോമപ്പൻ കയറിയിറങ്ങും. ഇവിടങ്ങളിലും ആചാരപരമായ സ്വീകരണമാണ് ലഭിക്കുക. ഉൽസവം കൊടിയേറുന്ന 21 ന് വൈകീട്ടാണ് കാവുകയറുക. ഇതൊടെ ഉൽസവത്തിന്റെ നാന്ദി കുറിക്കും.

