താന്‍ അധികം വൈകാതെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തും

തിരുവനന്തപുരം: താന്‍ അധികം വൈകാതെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുമെന്നും അത് മുമ്പ് സംഭവിച്ചതുപോലെ ആകില്ലെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പിഴവുകള്‍ പരിഹരിച്ച്, പഴുതുകള്‍ അടച്ചായിരിക്കും ഇനിയുള്ള തന്റെ വരവെന്നും തൃപ്തി പറഞ്ഞു.ശബരിമലയില്‍ തങ്ങള്‍ വരുമെന്ന് മുമ്ബ് പറഞ്ഞിരുന്ന അതേ നിലപാടില്‍ തന്നെയാണ് ഇപ്പോഴും. ഉറപ്പായും ഞങ്ങള്‍ വരും. എന്നാല്‍, അത് എന്നാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല.
വലിയ രീതിയിലുള്ള പ്രതിഷേധമാണ് കഴിഞ്ഞ തവണ ഞങ്ങള്‍ക്കുനേരെ ഉണ്ടായത്. പമ്ബ വരെപ്പോലും പോകാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചില്ല. വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. ഇതൊക്കെ ഭക്തിയുടെ പേരിലാണെന്ന് കരുതുന്നില്ല. ഒരു പുരോഗമന നാട് എന്ന് അവകാശപ്പെട്ടിട്ട് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ മോശമാണ്.

എന്തുതന്നെയായാലും തീര്‍ച്ചയായും വലിയരീതിയിലുള്ള പ്രതിഷേധം പ്രതീക്ഷിച്ചുതന്നെയായിരിക്കും തങ്ങളുടെ വരവ്.ഇക്കഴിഞ്ഞ സെപ്തംബര്‍ 27ന് ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി അന്തിമവിധി പറഞ്ഞുകഴിഞ്ഞതാണ്. വിവേചനം പാടില്ലെന്നും ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നുമുള്ള വിധിയായിരുന്നു അത്.

ഇക്കാര്യത്തെ കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് കേരള പോലീസുമായി സംസാരിച്ചിരുന്നു. ഉറപ്പായും സുരക്ഷ നല്‍കുമെന്നാണ് അവര്‍ പറഞ്ഞത്. കഴിഞ്ഞ തവണ സംഭവിച്ചതുപോലെ മുന്‍കൂട്ടി തീയതി പ്രഖ്യാപിച്ച് വരാതെ ആരെയും അറിയിക്കാതെ വരാനാണ് അവര്‍ തങ്ങളോട് പറഞ്ഞത്.

