തമിഴ്നാട്ടില്‍ കനത്ത മഴ

ചെന്നൈ: രണ്ടുവര്‍ഷം മുന്‍പ് ഉണ്ടായ വന്‍ദുരന്തത്തിന് സമാനമായി തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. വെള്ളക്കെട്ടിലായ ചെന്നൈ നഗരത്തില്‍ ഗതാഗതം നിലച്ചു. തഞ്ചാവൂര്‍ ജില്ലയില്‍ മതിലിടിഞ്ഞുവീണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലാണു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. ഇന്നു പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഉച്ചതിരിഞ്ഞു മൂന്നുമണിക്കു ക്ലാസുകള്‍ അവസാനിപ്പിക്കണം. അടുത്ത വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 28നാണു വടക്കുകിഴക്കന്‍ മണ്‍സൂണ്‍ തമിഴ്നാട്ടില്‍ പെയ്തു തുടങ്ങിയത്.

തമിഴ്നാട് തീരത്തു ശക്തമായ മഴ പെയ്യുമെന്ന അറിയിപ്പിനെ തുടര്‍ന്നു മുന്‍കരുതല്‍ എടുത്തതായി അധികൃതര്‍ പറഞ്ഞു. മഴയെ നേരിടാന്‍ ചെന്നൈ തയാറെടുത്തു. വെള്ളക്കെട്ട് രൂപപ്പെടുന്ന മുന്നൂറിലധികം സ്ഥലങ്ങള്‍ വൃത്തിയാക്കി. വെള്ളം വലിച്ചെടുക്കാനുള്ള 400 പമ്ബുകള്‍ തയാറാക്കിവച്ചിട്ടുണ്ട്- മുനിസിപ്പല്‍ കോര്പറേഷന് കമ്മിഷണര്‍ ഡി. കാര്ത്തികേയന് പറഞ്ഞു.

തിങ്കളാഴ്ച വലിയ ഗതാഗതക്കുരുക്കാണു ചെന്നൈയിലുണ്ടായത്. ചൊവ്വാഴ്ചയും സ്ഥിതിയില്‍ മാറ്റമില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. റോഡുനിരപ്പിനോടു ചേര്‍ന്നുള്ള വീടുകളില്‍ വെള്ളം കയറി. കില്‍പൗക്, കോയമ്ബേട് എന്നിവിടങ്ങളിലെ വീടുകളിലാണു കൂടുതലായി വെള്ളം കയറിയത്. ടി നഗറിന് അടുത്തുള്ള മാമ്ബലത്ത് ഗതാഗതക്കുരുക്കിലേക്കു മരം വീണതു പരിഭ്രാന്തി പരത്തി. 2015 ഡിസംബറില്‍ ചെന്നൈയിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും 150 പേര് മരിച്ചിരുന്നു. 70 ദശലക്ഷം ആളുകളാണ് അന്ന് മഴ ദുരിതം അനുഭവിച്ചത്.

