ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ആവേശകരമായ തുടക്കം

കോഴിക്കോട് : ഡിവൈഎഫ്ഐ 14-ാം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു.നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാനും രണോത്സുകമായ നിരവധി യുവജന പോരാട്ടങ്ങള്‍ നടന്ന കോഴിക്കോടിന്റെ മണ്ണിലാണ് സമ്മേളനത്തിന് തുടക്കമായത്.
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി സായ്നാഥ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ കുഞ്ഞാലി മരയ്ക്കാരുടെയും ബ്രിട്ടീഷ് പൊലീസിന്റെ അതിക്രൂര മര്‍ദനത്തിനിരയായിട്ടും ദേശീയപതാകയെ മാറോട് ചേര്‍ത്തുപിടിച്ച സഖാവ് പി കൃഷ്ണപിള്ളയുടെയും സ്മരണകള്‍ തുടിക്കുന്ന കോഴിക്കോട് കടപ്പുറത്താണ് (ഫിദല്‍ കാസ്ട്രോ നഗര്‍) ഞായറാഴ്ച രാത്രി ഡിവൈഎഫ്ഐയുടെ ശുഭ്രപതാക ഉയര്‍ന്നത്.

സംഘാടക സമിതി ചെയര്മാന് പി മോഹനനാണ് പതാക ഉയര്‍ത്തിയത്. സമ്മേളനത്തിന് സമാപനം കുറിച്ച് ബുധനാഴ്ച വൈകിട്ട് നാലിന് ഫിദല്‍കാസ്ട്രോ നഗറില്‍ ലക്ഷം യുവജനങ്ങളുടെ റാലി നടക്കും. റാലി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, മന്ത്രി ടി പി രാമകൃഷ്ണന് എന്നിവര്‍ സംസാരിക്കും.

