ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി എംപിയുടെ ഭാര്യ

കോട്ടയം: ട്രെയിന്‍ യാത്രക്കിടെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു രാഷ്ട്രീയ നേതാവിന്റെ മകന് അപമാനിച്ചതെന്ന് നിഷ പുസ്തകത്തില്‍ പറയുന്നു.
യാത്രയിലേറ്റ അപമാനം വിവരിച്ച് ‘മീ ടൂ’ പ്രതാരണത്തില്‍ താനും പങ്കു ചേരുന്നുവെന്ന് നിഷ പറയുന്നു. കോട്ടയത്തേക്കുള്ള യാത്രക്കിടെയാണ് രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് പറഞ്ഞ് ആ യുവാവ് പരിചയപ്പെട്ടത്. രാത്രിയാണ് സംഭവം നടക്കുന്നത്. മെലിഞ്ഞ പ്രകൃതമുള്ള യുവാവ് അച്ഛന്റെ പേര് പറഞ്ഞ് പരിചയപ്പെട്ട ശേഷം സംസാരം ആരംഭിച്ചു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നാണ് പറഞ്ഞത്. സംസാരത്തിനിടെ അയാള്‍ അനാവശ്യമായ കാല്പാദത്തില് സ്പര്‍ശിച്ചുവെന്നും നിഷ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

ശല്യം സഹിക്കാനാവാതെ എഴുനേറ്റ് പോകാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. എന്നാല്‍ യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴുമെന്ന് പറഞ്ഞ് ടിടിആര്‍ കൈമലര്‍ത്തിയെന്നും നിഷ പുസ്തകത്തില്‍ വിവരിക്കുന്നു.

യുവാവിന്റെ ശല്യം അസഹ്യമായപ്പോള്‍ ഒച്ചയിട്ടതോടെ എഴുനേറ്റ് പോവുകയായിരുന്നുവെന്നും വീട്ടിലെത്തി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞുവെന്നും നിഷ ജോസ് പറയുന്നു. കോട്ടയത്തെ ഒരു യുവ കോണ്‍ഗ്രസ് നേതാവിനെതിരെയും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. തന്നക്കുറിച്ച് അപഖ്യാതി പറഞ്ഞ് പരത്തുന്ന ഹീറോയെ തനിക്കറിയാമെന്നും സ്വന്തം നേതാവിനെതിരെ സംസാരിച്ചതിന്റെ ഓഡിയോ പുറത്ത് വന്നിട്ടുണ്ടെന്നും പറയുന്നു. ഇരുവരുടെയും പേരുകള്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും ആളെ മനസിലാക്കുന്ന തരത്തില്‍ സൂചനകള്‍ പുസ്തകത്തിലുണ്ട്.

