KOYILANDY DIARY.COM

The Perfect News Portal

ട്രാന്‍സ്ജെന്‍ഡേഴ്സ് സംഘം ശബരിമലയില്‍ ദര്‍ശനം നടത്തി

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സ് സംഘം ശബരിമലയില്‍ ദര്‍ശനം നടത്തി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി തുടങ്ങിയവരാണ് ദര്‍ശനം നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെ
പുറപ്പെട്ട സംഘം രാവിലെ പത്ത് മണിയോടെ ദര്‍ശനത്തിന് ശേഷം നെയ്യഭിഷേകവും നടത്തി.

നിലക്കല്‍ മുതല്‍ കനത്ത സുരക്ഷയിലാണ് ഇവരെ സന്നിധാനത്ത് എത്തിച്ചത്. വഴിയിലെവിടെയും പ്രതിഷേധങ്ങളോ തടയാനുള്ള ശ്രമമോ ഉണ്ടായില്ല. ദര്‍ശനം സുഗമമായിരുന്നുവെന്ന് ട്രാന്‍സ് ജെസ്ഡേഴ്സ് പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ശക്തമായ തിരക്കാണ് സന്നിധാനത്ത് ഇന്ന് അനുഭവപ്പെട്ടത്.

കഴിഞ്ഞ 16 ന് ഇവര്‍ ശബരിമല ദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും എരുമേലി പൊലീസ് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു.

Advertisements

എന്നാല്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതിന് തടസമില്ലെന്ന് ശബരിമല തന്ത്രിയും പന്തളം കൊട്ടാരവും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ശബരിമലയില്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ സമിതിയോട് കൂടി ആലോചിച്ച ശേഷമാണ് പൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത്.

അതേസമയം, മണ്ഡലകാലം തുടങ്ങിയ ശേഷം ആദ്യമായി ശബരിമലയില്‍ ഭക്തജനത്തിരക്ക് കൂടി. ഇന്നലെ അര്‍ദ്ധരാത്രി വരെ തൊണ്ണൂറായിരത്തിലധികം തീര്‍ത്ഥാടകര്‍ മലചവിട്ടി. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനം നടത്തിയത് ഇന്നലെയാണ്. ഇന്നും വലിയ തിരക്കാണ് രാവിലെ മുതല്‍ തന്നെ അനുഭവപ്പെടുന്നത്.

വരും ദിവസങ്ങളിലും തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നിഗമനം. അതേസമയം, ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഏ‍ര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസ് നിലപാട്.

Share news

Leave a Reply

Your email address will not be published. Required fields are marked *