ജില്ലയില്‍ രണ്ടിടത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: ജില്ലയില്‍ രണ്ടിടത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേര്‍ മരിച്ചു. ചെറൂപ്പയില്‍ ബൈക്കിന് പിറകില്‍ ബസ്സിടിച്ച് യുവാവ് മരിച്ചു, ചെറുവാടി വേഴക്കാട്ട് മുഹമ്മദിന്റെ മകന് റഹ്മത്തുള്ള (38) ആണ് മരിച്ചത്. ചെറൂപ്പ അയ്യപ്പന് കാവിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോകും വഴി ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിറകില്‍ മാവൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രാജധാനി ബസ്സ് ഇടിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സൗദിയില്‍ ജോലി ചെയ്യുന്ന റഹ്മത്തുളള മൂന്ന് മാസം മുമ്ബാണ് നാട്ടിലെത്തിയത്. മുതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് (വെള്ളി) വൈകുന്നേരം അഞ്ച് മണിക്ക് ചെറുവാടി പുതിയേടത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കും. മാതാവ് പാത്തുമ്മ.ഭാര്യ സുനീറ.മക്കള്‍ നിഷ് വ, ദില്‍ഷ, ദില്‍ദിയ.

ഓമശ്ശേരി മാനിപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സ് ദേഹത്ത് കയറി യുവാവ് മരിച്ചു. ഇന്ന് രാവിലെ ഒമ്ബതരയോടെയാണ് അപകടം. ഓമശ്ശേരിയില്‍ ഓട്ടോ ഡ്രൈവറായ അമ്ബലത്തിങ്ങല്‍ ഭഗവതി കണ്ടത്തില്‍ കോയാലിയുടെ മകന് അബ്ദുസലാം (40) ആണ് മരിച്ചത്.

കൂടരഞ്ഞി കോഴിക്കോട് റൂട്ടിലോടുന്ന ഫാന്‍സി ബസ്സാണ് ഇയാളെ ഇടിച്ചത്. ഓട്ടോ നിര്‍ത്തി ഡ്രൈവിംഗ് സ്കൂളില്‍ നിന്ന് ഒരു പേപ്പര്‍ വാങ്ങി പുറത്തിറങ്ങി റോഡ് മുറിച്ച് കടക്കുമ്ബോള്‍ ഇദ്ദേഹം ഉടുത്തിരുന്ന മുണ്ട് തടഞ്ഞ് വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിലത്ത് വീണ ഇയാളുടെ ദേഹത്ത് ബസ്സ് കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ മരണം സംഭവിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍. ആത്തിക്കയാണ് അബ്ദുസലാമിന്റെ ഭാര്യ.

