ജനകീയ ജീപ്പ് സര്‍വീസ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞു

വടകര: ആയഞ്ചേരിയില്‍നിന്ന് കല്ലുംപുറം വഴി പെരുമുണ്ടച്ചേരിയിലേക്കുള്ള ജനകീയ ജീപ്പ് സര്‍വീസ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ജനകീയ ജീപ്പ് സര്‍വീസിനെ അനുകൂലിക്കുന്ന നാട്ടുകാര്‍ ആയഞ്ചേരിയില്‍ റോഡ് ഉപരോധിച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇരുവിഭാഗവുമായി സംസാരിച്ച് പ്രശ്നങ്ങള്‍ അവസാനിപ്പിച്ചു.
ശനിയാഴ്ച വടകര ആര്‍.ടി.ഒ. ഓഫീസില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചനടക്കും. അതുവരെ സമാന്തര സര്‍വീസ് നടത്തരുതെന്ന് ജീപ്പ്, ഓട്ടോറിക്ഷക്കാര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി. ആയഞ്ചേരിയില്‍നിന്ന് അരൂര്‍ കല്ലുംപുറം വഴി പെരുമുണ്ടച്ചേരി ഉദയ ക്ലബ്ബ് വരെയുള്ള ഭാഗത്തേക്ക് യാത്രാക്ലേശം രൂക്ഷമായതിനാലാണ് നാട്ടുകാര്‍ ചേര്‍ന്ന് കമ്മിറ്റിയുണ്ടാക്കി ജനകീയ ജീപ്പ് സര്‍വീസ് തുടങ്ങിയത്.

ഈ റൂട്ടില്‍ ബസുകളോ മറ്റ് സമാന്തരസര്‍വീസോ ഇല്ല. ഒരാഴ്ചമുമ്ബ് പുറമേരി, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചേര്‍ന്നാണ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, അന്നുതന്നെ ആയഞ്ചേരിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സര്‍വീസ് തടഞ്ഞിരുന്നു. ജീപ്പ് സര്‍വീസ് ഓട്ടോറിക്ഷകളെ ബാധിക്കുമെന്നു പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്തെത്തിയത്.

പ്രശ്നം ചര്‍ച്ചചെയ്യാന്‍ വടകര സി.ഐ.യുടെ നേതൃത്വത്തില്‍ ചര്‍ച്ചനടന്നെങ്കിലും തീരുമാനമായില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ജനകീയ കമ്മിറ്റി യോഗം ചേര്‍ന്ന് ജീപ്പ് സര്‍വീസ് വ്യാഴാഴ്ച തുടങ്ങാന്‍ തീരുമാനിച്ചു. ഇതുപ്രകാരം ഒരു ട്രിപ്പ് ആയഞ്ചേരിയിലെത്തുകയും ചെയ്തു. തിരിച്ചുപോകാനുള്ള ശ്രമത്തിനിടെയാണ് പ്രകടനമായെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ ജീപ്പ് തടഞ്ഞത്. പിന്നാലെ നാട്ടുകാരും രംഗത്തെത്തി.

സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലേറെപ്പേര്‍ ആയഞ്ചേരി ടൗണ്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ചു. ഇരുവിഭാഗവും മുദ്രാവാക്യം വിളികളുമായി അരമണിക്കൂറോളം ടൗണില്‍ ഇരുന്നു. തുടര്‍ന്ന് വടകര എസ്.ഐ. സനല്‍രാജും സംഘവും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇരുവിഭാഗവുമായി സംസാരിച്ചാണ് താത്കാലികമായി പ്രശ്നം പരിഹരിച്ചത്. ശനിയാഴ്ചവരെ ആളെ വിളിച്ചുകയറ്റി സര്‍വീസ് നടത്തരുതെന്നാണ് പോലീസ് നിര്‍ദേശം.
