KOYILANDY DIARY.COM

The Perfect News Portal

ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപിക്കും

ബംഗളൂരു: ഐഎസ്‌ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപിക്കും. ചന്ദ്രയാന്‍ ദൗത്യത്തിലെ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ എന്നിവയുടെ ചിത്രങ്ങള്‍ ഐഎസ്‌ആര്‍ഒ പുറത്തുവിട്ടു. ജൂലൈ 16 ന് പേടകവുമായി റോക്കറ്റ് കുതിച്ചുയരുമെന്നാണ് ഐഎസ്‌ആര്‍ഒ നല്‍കുന്ന വിവരം. 10 വര്‍ഷം മുമ്ബായിരുന്നു ചന്ദ്രയാന്‍-2 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ -2 ദൗത്യത്തിനുള്ളത്. പ്രത്യേകിച്ച്‌ ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് ലക്ഷ്യം. ഒന്നാം ചന്ദ്രയാന്‍ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുക എന്നതാണ് ചന്ദ്രയാന്‍ -2 ദൗത്യം ലക്ഷ്യമിടുന്നത്.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ദൗത്യമാണ് ഇത്. ചന്ദ്രനെ വലം വെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച്‌ പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നീ മൂന്നുഘട്ടങ്ങളുള്ളതാണ് ചന്ദ്രയാന്‍ -2. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജിഎസ്‌എല്‍വി മാര്‍ക് -3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക.

Advertisements

പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബര്‍ ആറിനാണ് റോവര്‍ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരുവര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ ചന്ദ്രനിലെ ജലത്തിന്റെയും ഹീലിയത്തിന്റെയും അളവുകള്‍ ഉള്‍പ്പെടെ രാസഘടകങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും.

ഐഎസ്‌ആര്‍ഒയെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമായ ദൗത്യമാണ് ഇത്. ഇതിന് മുമ്ബ് അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയുള്ള റോവര്‍ ദൗത്യം നടത്തിയിട്ടുള്ളു. ഈ പട്ടികയിലേക്കാണ് ഇന്ത്യയും എത്തുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതല്‍ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാന്‍-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *