ഗ്യാസ് സിലിണ്ടര്‍ പൊട്ടി ഫ്ളാറ്റില്‍ വന്‍തീപിടിത്തം, അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

കൊച്ചി: ദേശം സ്വര്‍ഗം റോഡില്‍ പ്രൈം റോസ് ഫ്ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ. ഒന്‍പതാം നിലയിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന അമ്മയെയും മകളെയും ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്ളാറ്റിലെ മറ്റു താമസക്കാര്‍ ജീവനുംകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സ്ഫോടന ശബ്ദം നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഫ്ളാറ്റില്‍ താമസിച്ചിരുന്ന ജെറ്റ് എയര്‍വേയ്സ് ജീവനക്കാരി ആലപ്പുഴ ചമ്ബക്കുളം ചക്കാത്തറ വീട്ടിലെ ജാക്ക്വലിന്‍ മാത്തന് (28), മകള്‍ കാതറിന് (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവം നടന്നയുടന്‍ അയല്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ഇവരെ ഉടന്‍ ദേശം സി.എ ആശുപത്രിയിലെത്തിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് കരുതുന്നു.
ആലുവയില്‍ നിന്ന് രണ്ടും അങ്കമാലി, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒന്നും അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീയണച്ചത്. ആലുവയില്‍ നിന്നും അഗ്നിശമന സേന എത്തിയ ശേഷവും സ്ഫോടനം നടന്നു. ഫ്ളാറ്റ് പൂര്‍ണമായും കത്തിച്ചാമ്ബലായി.

കട്ടില, ജനല്‍, വാതില്‍, സോഫ സെറ്റ്, ഡൈനിംഗ് ടേബിള്‍, കസേരകള്‍, ടി.വി, ഫ്രിഡ്ജ്, കമ്ബ്യൂട്ടര്‍, വാഷിംഗ് മെഷീന്, ഫാനുകള്‍ തുടങ്ങി വീട്ടിലെ സ്റ്റീല്‍ പാത്രങ്ങള്‍ വരെ കത്തി നശിച്ചു. ഫ്ളാറ്റിന്റെ ഭിത്തികള്‍ക്കും പൊട്ടല്‍ വീണു. ഫ്ളാറ്റില്‍ നിന്നും ശക്തമായ പുകയും തീയും ഉയര്‍ന്നതോടെ അയല്ഫ്ളാറ്റുകാരെല്ലാം വിലപിടിപ്പുള്ള സാധനങ്ങളുമായി താഴേക്ക് ഓടിയിറങ്ങുകയായിരുന്നു. മുകളിലെ നിലകളിലെല്ലാം ശക്തമായ പുകയായതിനാല്‍ അഗ്നിശമനസേനയുടെ പ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു.

ഒന്നര മണിക്കൂറോളം നാല് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ആലുവ അഗ്നിശമന സേന വിഭാഗം സ്റ്റേഷന് ഓഫീസര്‍ അശോകന്, ഫയര്മാന്മാരായ സന്തോഷ്, സന്തോഷ് കുമാര്‍, രതീഷ്, അനന്തകൃഷ്ണന്, നിസാം, പി.ആര്. സനോജ്, പി.കെ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

