ഗുരുവിന് നൂറ്റിയൊന്നാം പിറന്നാള്‍ കൊയിലാണ്ടിയിൽ വിപുലമായ പരിപാടികൾ

കൊയിലാണ്ടി > കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരുടെ നൂറ്റിയൊന്നാം പിറന്നാളാഘോഷം ഒരു നാടിന്റെ ആഘോഷമായി മാറുന്നു. മിഥുനമാസത്തിലെ കാര്‍ത്തിക നാളിലാണ് ഗുരുവിന്റെ ജനനം.1916 ജൂണ്‍ 26 ന് ജനിച്ച ഗുരുവിന്റെ ജന്മനക്ഷത്രം ജൂലൈ ഒന്നിനാണ് വരുന്നത്.
പിറന്നാള്‍ ദിനത്തില്‍ രാവിലെ കുടുംബക്ഷേത്രത്തിലും തൊട്ടടുത്ത ചേലിയയിലെ മണല്തൃക്കോവില് ക്ഷേത്രത്തിലും ദര്‍ശനം നടത്തും. മകന് പവിത്രനും കുടുംബാംഗങ്ങളുമെല്ലാം പിറന്നാള്‍ ആഘോഷിക്കാന്‍ ചേലിയയില്‍ എത്തിയിട്ടുണ്ട്. ബാലസുബ്രഹ്മണ്യനാശാനടക്കം കഥകളിരംഗത്തെ ഒട്ടേറെപ്പേര്‍ രാവിലെ ചേലിയയിലെത്തും. പിറന്നാള്‍ സദ്യക്കുശേഷം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തനിക്കേറ്റവും ഇഷ്ടപ്പെട്ട കൃഷ്ണവേഷം കെട്ടിയാടാനുളള ആഗ്രഹം മനസ്സില്‍വച്ചുതന്നെയാണ് ഈ വര്‍ഷവും ഗുരു പിറന്നാളാഘോഷിക്കുന്നത്. വേഷംകെട്ടി വീണ്ടും വേദിയിലെത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് പറ്റിയരീതിയില്‍ ശരീരം വഴങ്ങുമോയെന്ന് സംശയം. എന്നിട്ടും കഴിഞ്ഞ നൂറാം പിറന്നാളിനുശേഷം കുളത്തൂര്‍ ക്ഷേത്രത്തില്‍ കിരാതത്തിലെ പരമശിവനായി വേദിയിലെത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

നാലാം ക്ളാസില്‍ പഠിക്കുമ്പോള്‍ ‘വള്ളിത്തിരുമണം’ എന്ന നാടകത്തില്‍ വേഷമിട്ടപ്പോഴും പതിനഞ്ചാം വയസ്സില്‍ ദുര്യോദനവധത്തിലെ പാഞ്ചാലിയുടെ വേഷമിട്ടപ്പോഴും ഗുരു കരുണാകരമേനോന്‍ എന്നും കെട്ടിയാടിയിരുന്ന കുചേലന്റെ വേഷവുമായി രണ്ടുവര്‍ഷം മുമ്പ് വേദിയിലെത്തിയപ്പോഴും അനുഭവപ്പെട്ട പ്രത്യേകത നൂറിന്റെ നിറവില്‍ പരമശിവന് കെട്ടിയാടിയപ്പോഴും അനുഭവപ്പെട്ടെന്ന് ഗുരു സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ഒരുവര്‍ഷം മാത്രം അഞ്ഞുറിലധികം ഉദ്ഘാടനങ്ങള്‍ ഗുരു നടത്തിയിട്ടുണ്ടെന്ന് എന്നും കൂടെയുണ്ടാകുന്ന മരുമകന് ശങ്കരന് നായര്‍ ഓര്‍മിക്കുന്നു. സ്കൂളിലും മറ്റുവേദികളിലുമായി നൂറുകണക്കിന് ഡെമോണ്‍സ്ട്രേഷനുകളും കഴിഞ്ഞ ഒരുവര്‍ഷക്കാലം ഗുരു അവതരിപ്പിച്ചു. നാട്ടില്‍ എവിടെ മരണം നടന്നാലും അത് തന്റെ സ്വന്തക്കാരാണെന്ന ബോധത്തോടെ ഗുരു അവിടെയെത്തും. ലാളിത്യത്തിന്റെ ഈ നിറകുടം കലാസാംസ്കാരികരംഗത്തെ തികച്ചും വേറിട്ട പ്രതിഭയാണ്.

പിറന്നാള്‍ ദിനത്തില്‍ വൈകിട്ട് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ ബംഗളൂരു അലിയന്‍സ് യൂണിവേഴ്സിറ്റി പെര്‍ഫോമിങ് ആര്‍ട്സിലെ എച്ച്ഒഡി ഡോ. ബസന്ത് കിരണ്‍, അവിടുത്തെ ഫാക്കല്‍റ്റിയായ അശ്വനി, സിനിമ–ടെലിവിഷന്‍ താരമായ രചനാ നാരായണന് കുട്ടി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന കുച്ചിപ്പുടി, കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സംഘവും ചേര്‍ന്ന് ചേലിയ കഥകളി വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന സുഭദ്രാപഹരണം കഥകളി എന്നിവ നടക്കും. മുല്ലപ്പള്ളി രാമചന്ദ്രന് എംപി, കെ ദാസന് എംഎല്‍എ, നഗരസഭാചെയര്‍മാന്‍ അഡ്വ. കെ സത്യന് എന്നിവര്‍ സംസാരിക്കും.കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ഗുരുവിന്റെ ആയിരക്കണക്കിന് ശിഷ്യര്‍ പിറന്നാള്‍ പരിപാടികളില്‍ പങ്കെടുക്കാനായി കൊയിലാണ്ടിയില്‍ എത്തും.

