ഗുജറാത്തി സ്ട്രീറ്റ് നവീകരണം: അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചു മാത്രമേ നടപ്പിലാക്കൂ

കോഴിക്കോട്: ഗുജറാത്തി സ്ട്രീറ്റ് നവീകരണം പ്രദേശവാസികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചു മാത്രമേ നടപ്പിലാക്കൂ എന്ന് ജില്ലാ കലക്ടര്‍ യുവി ജോസ് അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ പ്രദേശവാസികളുടേയും തൊഴിലാളികളുടേയും ആശങ്കകള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തി സ്ട്രീറ്റിന്റെ പൈതൃകം പ്രൗഢിയോടെ സംരക്ഷിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ജില്ലഭരണകൂടത്തിനുളളത്. റോഡുകളുടേയും ഓടകളുടേയും നവീകരണവും ലൈറ്റുകള്‍ സ്ഥാപിക്കലുമാണ് ഇവിടെ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രധാന പ്രവൃത്തി. ഇതിന് സര്‍ക്കാറിന്റെ അനുമതി ലഭ്യമായിട്ടുളളതാണ്. ഗോഡൗണുകള്‍ ഇല്ലാതാക്കിയോ തൊഴിലാളികളുടെ തൊഴിലില്ലാതാക്കിയോ യാതൊരു പ്രവൃത്തിയും ഗുജറാത്തി സ്ട്രീറ്റില്‍ നടത്തില്ലെന്ന് കലക്ടര്‍ പറഞ്ഞു.

ഗുജറാത്തി സ്ട്രീറ്റ് ഉള്‍ക്കൊളളുന്ന രണ്ട് വാര്‍ഡ് കൗസിലര്‍മാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. പാര്‍പ്പിടങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ സുരക്ഷയ്ക്ക് പദ്ധതിയില്‍ മുന്തിയ പരിഗണന നല്‍കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പുറത്ത് സ്ഥലം കണ്ടെത്തുന്നതിനും ശ്രമിക്കും. 12, 13 തീയ്യതികളില്‍ ഗുജറാത്തി സ്ട്രീറ്റില്‍ നടത്താനിരുന്ന ഫ്ളീ മാര്‍ക്കറ്റ് മറ്റൊരിടത്തേക്ക് മാറ്റുമെന്ന് സംഘാടകര്‍ യോഗത്തില്‍ അറിയിച്ചു.

