KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്ടെ ലോറി സ്റ്റാന്റ് ബീച്ചില്‍ നിന്ന് മാറ്റാറ്റാൻ തീരുമാനം

കോഴിക്കോട്: സൗത്ത് ബീച്ചില്‍ തുറമുഖ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്തെ ലോറി സ്റ്റാന്റ് മാറ്റുന്നതിനും ബീച്ച്‌ റോഡിലെ അനധികൃത പാര്‍ക്കിംഗിന് പരിഹാരം കാണാനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനം. ബീച്ച്‌ റോഡില്‍ അനധികൃത വാഹനപാര്‍ക്കിംഗ് തടയുതിന് ലോക്കിംഗ് സംവിധാനം ഉള്‍പ്പെടെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചു. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.

മീഞ്ചന്തയില്‍ ബസ്റ്റാന്റിന് സമീപം കോര്‍പ്പറേഷന്‍ ഏറ്റെടുത്ത 3 ഏക്കര്‍ സ്ഥലവും കോയ റോഡിലെ സ്വകാര്യവ്യക്തിയുടെ സ്ഥലവുമാണ് നിലവില്‍ ലോറി സ്റ്റാന്റിനായി പരിഗണനയിലുള്ളത്. സിറ്റിക്കകത്ത് തെന്നയുള്ള ഈ സ്ഥലങ്ങളിലേക്ക് ലോറി സ്റ്റാന്റ് മാറ്റുന്നതോടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം ലോറി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും ആകുമെന്നാണ് പ്രതീക്ഷ.

ബീച്ചിന്റെ പ്രധാന ഭാഗത്തുള്ള ലോറി സ്റ്റാന്റ് മാറ്റി സ്ഥലം വികസിപ്പിച്ചാല്‍ ഒട്ടേറ ടൂറിസം സാധ്യതകള്‍ ഉണ്ടാകുമെന്ന് നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു. കൂടാതെ വീതി കുറഞ്ഞ റോഡില്‍ അനധികൃത പാര്‍ക്കിങ് കാരണം വാഹനാപകടങ്ങള്‍ പതിവാകുന്നതും പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം കൂടുന്നതായും പരാതി വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് ലോറി സ്റ്റാന്റ് സൗത്ത് ബീച്ചില്‍ നിന്ന് മാറ്റുന്നതിന് നടപടികള്‍ പുരോഗമിക്കുന്നത്.

Advertisements

ബീച്ചിലെ ലോറി സ്റ്റാന്റും പാര്‍ക്കിംഗ് ഏരിയയും നിലവില്‍ പരിഗണനയിലുള്ള സ്ഥലങ്ങളും മേയറുടെ നേതൃത്വത്തിലുള്ള ട്രാഫിക് ഉപദേശക സമിതി അംഗങ്ങള്‍ തിങ്കളാഴ്ച സന്ദര്‍ശിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ ചേംബറില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍, ടൗണ്‍ പ്ലാനര്‍ ഷാജി ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *