കോഴിക്കോടിനെ ആദ്യത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത ജില്ല യായി പ്രഖ്യാപിച്ചു

കോഴിക്കോട് > നഗരമേഖലയില്‍ കോഴിക്കോട് സമ്പൂര്‍ണ ഒഡിഎഫ് ആയതിന്റെ പ്രഖ്യാപനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. നഗരസഭകളും ലക്ഷ്യം നേടിയതോടെ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത (ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ) ജില്ലയായി കോഴിക്കോട് മാറി.
കോഴിക്കോട് കോര്‍പറേഷന്‍ 1503, കൊയിലാണ്ടി നഗരസഭ 414, വടകര 235, പയ്യോളി 216, മുക്കം 203, രാമനാട്ടുകര 100, കൊടുവള്ളി 99, ഫറോക്ക് 85 എന്നിങ്ങനെ ആകെ 2855 ശുചിമുറികള്‍ നിര്‍മിച്ചു നല്‍കിയാണ് നഗരമേഖലയില്‍ ലക്ഷ്യം നേടിയത്. ഗ്രാമീണ മേഖലയില്‍ 12,799 കുടുംബങ്ങള്‍ക്കടക്കം 15,654 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ ആകെ ശുചിമുറി നിര്‍മിച്ചു നല്‍കിയത്.

2015ല്‍ നടത്തിയ ബേസ് ലൈന്‍ സര്‍വേ പ്രകാരം കണ്ടെത്തിയ ശുചിമുറിയില്ലാത്ത കുടുംബങ്ങള്‍ക്കാണ് ശുചിമുറി നിര്‍മിച്ചുനല്‍കിയത്. ഒരു കുടുംബത്തിന് 15,400 രൂപയാണ് ധനസഹായം. ഗ്രാമീണ മേഖലയില്‍ 12,000 രൂപ കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനില്‍ നിന്നും 3400 രൂപ പഞ്ചായത്ത് വിഹിതമായും നല്‍കി. നഗരമേഖലയില്‍ 10,063 രൂപ നഗരസഭാ വിഹിതവും 5337 രൂപ കേന്ദ്ര-സംസ്ഥാന വിഹിതവുമാണ്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. എംഎല്‍എമാരായ കെ ദാസന്‍, ഇ കെ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കലക്ടര്‍ എന്‍ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

