കോട്ടയത്ത് കെ.എസ്.ആര്.ടി.സി ബസ് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു പതിമൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്

കോട്ടയം: എം.സി. റോഡില്‍ ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്ത് കെ.എസ്.ആര്.ടി.സി ബസ് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു കയറി മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ പതിമൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ശനിയാഴ്ച പുലര്‍ച്ചെ 1.30നു ഏറ്റുമാനൂര്‍ പട്ടിത്താനം റൗണ്ടാനയ്ക്കു സമീപമാണു അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ കെട്ടിടത്തിന്റെ തൂണില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ ബസിന്റെ മുന്‍വശവും കെട്ടിടത്തിന്റെ വാതിലുകളും തകര്‍ന്നു. ബ്രേക്ക് ചെയ്തപ്പോള്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു ഡ്രൈവര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

