KOYILANDY DIARY.COM

The Perfect News Portal

കോട്ടയം സിഎംഎസ് കോളേജ് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നും 1.80 ലക്ഷം രൂപ കവര്‍ന്നു

കോട്ടയം: എസ്ബിഐയില്‍ നിന്നെന്നു പറഞ്ഞ് ഫോണിലൂടെ ബന്ധപ്പെട്ട് ഒടിപി കരസ്ഥമാക്കി കോട്ടയം സിഎംഎസ് കോളേജ് അധ്യാപകരുടെ അക്കൗണ്ടുകളില്‍നിന്നും 1.80 ലക്ഷം രൂപ കവര്‍ന്നു. ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജിനു ജോണിന്റെയും മറ്റൊരു അധ്യാപികയുടെയും അക്കൗണ്ടുകളില്‍നിന്നാണ് പണം തട്ടിയെടുത്തത്.

ശനിയാഴ്ച രാവിലെയാണ് പുതിയ എടിഎം കാര്‍ഡ് വന്നിട്ടുണ്ടെന്ന സന്ദേശം ഡോ. ജിനു ജോണിന്റെ മൊബൈലില്‍ എത്തിയത്. ഇടപാടുകാര്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡ് നല്‍കുന്ന സമയമായതിനാല്‍ സംശയമൊന്നും തോന്നിയില്ല. എസ്ബിഐയില്‍നിന്നെന്ന് അറിയിച്ച്‌ മൊബൈലില്‍ ഫോണ്‍കോളുമെത്തി. പഴയ കാര്‍ഡ് റദ്ദാക്കുകയാണെന്നാണ് അറിയിച്ചത്. ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളെല്ലാം മറുഭാഗത്തുനിന്ന് കൃത്യമായി പറഞ്ഞു. ഇക്കാരണത്താല്‍ സംശയവും തോന്നിയില്ല. ഫോണ്‍ കട്ട് ചെയ്യരുതെന്ന് പറഞ്ഞ ശേഷം എടിഎം കാര്‍ഡിന്റെ സേവനം തുടര്‍ന്നു ലഭിക്കാന്‍, അയച്ചിട്ടുള്ള ലിങ്കിലെ നമ്ബര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഈ അക്കങ്ങള്‍ പറഞ്ഞതിനു പിന്നാലെ, രണ്ടു മിനിട്ടിനുള്ളില്‍ കാര്‍ഡ് ആക്ടിവേറ്റാകുമെന്ന സന്ദേശത്തോടെ ഫോണ്‍ ഡിസ്കണക്ടായി.

ഇതിനു ശേഷം ഇന്റര്‍നെറ്റിലൂടെ തന്റെ എസ്ബിഐ അക്കൗണ്ടുകളിലെ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി 80,000 രൂപ നഷ്ടമായെന്ന് മനസിലായത്. ഉടനെ സിഎംഎസ് കോളേജ് എസ്ബിഐ ബ്രാഞ്ചില്‍ ഹാജരായി വിവരമറിയിച്ചു. ഇതിനു ശേഷം ഞായറാഴ്ച രാവിലെ വരെ വിവിധ തവണകളായി 82,000 രൂപയോളം നഷ്ടമായെന്ന് ഡോ. ജിനു ജോണ്‍ ‘ദേശാഭിമാനി’യോട് പറഞ്ഞു. ആദ്യം പണം നഷ്ടപ്പെട്ടതറിഞ്ഞ് ബാങ്ക് അധികൃതരെ സമീപിച്ച്‌ അക്കൗണ്ട് മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എടിഎം കാര്‍ഡ് റദ്ദാക്കുക മാത്രമാണുണ്ടായതെന്നും ഇതുമൂലമാണ് വീണ്ടും പണം നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഈസ്റ്റ് പൊലീസിലും പൊലീസ് സൈബര്‍ സെല്ലിലും അദ്ദേഹം പരാതി നല്‍കി.

Advertisements

ഇതേ കോളേജിലെ മറ്റൊരു അധ്യാപികയുടെ അക്കൗണ്ടില്‍ നിന്നും 18,153 രൂപയാണ് അപഹരിച്ചത്. ശനിയാഴ്ച എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ കാത്തുനില്‍ക്കുമ്ബോഴാണ് ഫോണ്‍കോള്‍ എത്തിയത്. കാര്‍ഡ് റദ്ദായെന്നായിരുന്നു സന്ദേശം. കുറേക്കാലമായി ഇടപാടില്ലാത്തതിനാല്‍, ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുന്‍പ് ഒരു സന്ദേശം എത്തിയിരുന്നതിനാല്‍ അപാകത തോന്നിയില്ലെന്നാണ് അധ്യാപിക പറഞ്ഞത്. കാര്‍ഡ് ബ്ലോക്ക് ചെയ്തത് മാറ്റാന്‍, അയച്ചിട്ടുള്ള സന്ദേശം ഒരു മൊബൈല്‍ നമ്ബരിലേയ്ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. എടിഎം കാര്‍ഡിലെ അവസാന ആറക്ക നമ്ബരും ആവശ്യപ്പെട്ട പ്രകാരം നല്‍കി. ഇതിനു പിന്നാലെ ഫോണില്‍ വന്ന ഒടിപിയും കൈമാറി. തൊട്ടു പിന്നാലെ ആദ്യം 8,000 രൂപയും തുടര്‍ന്ന് 11,000 രൂപയും അക്കൗണ്ടില്‍ നിന്നും കുറഞ്ഞു. രണ്ടുപേരുടെയും അക്കൗണ്ടുകളിലെ പണവും പേടിഎം വാലറ്റിലേയ്ക്കാണ് ചോര്‍ത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സിഎംഎസ‌് കോളേജിലെ മറ്റു ചില അധ്യാപകരുടെ ഫോണിലേക്കും സമാനസന്ദേശങ്ങള്‍ എത്തിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *