KOYILANDY DIARY.COM

The Perfect News Portal

കൊളംബിയയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച്‌ അര്‍ജന്റീന കോപ ഫെെനലില്‍

ബ്രസീലിയ: സമ്മര്‍ദത്തിൻ്റെ തീച്ചൂളയിലായിരുന്നു ലയണല്‍ മെസിയും കൂട്ടരും. വീണ്ടുമൊരു ഷൂട്ടൗട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കോപ ഫൈനലില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ തകര്‍ന്നു പോയതിൻ്റെ ഓര്‍മകള്‍ തൂങ്ങിനില്‍ക്കുന്ന ഘട്ടം. ഇക്കുറി കോപ സെമി വേദി. എതിരാളികള്‍ കൊളംബിയ. ചിരിച്ചും പിറുപിറുത്തും സഹതാരങ്ങളെ ചേര്‍ത്തുപിടിച്ചും എമിലിയാനോ മാര്‍ട്ടിനെസ് എന്ന അവരുടെ ഗോള്‍ കീപ്പര്‍ വലയ്ക്കുമുന്നിലേക്ക് നടന്നടുത്തു.

കൊളംബിയക്കായി യുവാന്‍ കൊദ്രാദോ അനായാസം കിക്ക് വലയിലാക്കിയപ്പോള്‍ അര്‍ജന്റീനയുടെ ഊഴം മെസിയുടെ കാലുകളില്‍. ചിലിക്കെതിരെ കിക്ക് ബാറിന് മുകളിലൂടെ പറത്തിക്കളഞ്ഞ സമ്മര്‍ദത്തിന്റെ അതേമുഖം. പക്ഷേ, ഇക്കുറി കിക്കിന് ലക്ഷ്യബോധമുണ്ടായി.രണ്ടാമത്തെ കിക്ക്. കൊളംബിയക്കായി കിക്കെടുക്കാന്‍ ഡേവിസണ്‍ സാഞ്ചെസ്. മാര്‍ട്ടിനെസ് സാഞ്ചെസിന്റെ മുഖത്തുനോക്കി. വലതുഭാഗത്തേക്ക് ഒറ്റച്ചാട്ടം. പന്ത് പുറത്തേക്ക്. ആനുകൂല്യം അര്‍ജന്റീനയ്ക്ക്. പക്ഷേ, അര്‍ജന്റീനയുടെ രണ്ടാം കിക്ക് റോഡ്രിഗോ ഡിപോള്‍ പാഴാക്കിയപ്പോള്‍ ആശങ്ക വീണ്ടും കനത്തു.

മാര്‍ട്ടിനെസ് മാത്രം പതറിയില്ല. യെറി മിനയെയും ഈ പൊക്കക്കാരന്‍ തടഞ്ഞു. അര്‍ജന്റീനയ്ക്കായി ലിയാന്‍ഡ്രോ പരദെസ് ലക്ഷ്യം കണ്ടു. അടുത്ത കിക്ക് മിഗ്വേല്‍ ബോര്‍ഹയിലൂടെ കൊളംബിയയും നേടി. അര്‍ജന്റീനയ്ക്കായി ലൗതാരോ മാര്‍ട്ടിനെസ് ലക്ഷ്യം കണ്ടതോടെ സ്കോര്‍ 3–-2. കൊളംബിയയുടെ അഞ്ചാം കിക്കിനായി എത്തിയത് എഡ്വിന്‍ കര്‍ഡോണ. മാര്‍ട്ടിനെസ് കര്‍ഡോണയുടെ മനസ്സ് വായിച്ചു. ചാട്ടം പിഴച്ചില്ല. കോപയിലെ സ്വപ്നഫൈനലിലേക്കാണ് മാര്‍ട്ടിനെസ് അര്‍ജന്റീനയെ നയിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ബ്രസീലുമായുള്ള പോരാട്ടത്തിലേക്ക്.

Advertisements

പലതവണ അരികെയെത്തിയിട്ടും അവസാനശ്രമത്തില്‍ പിടിവിട്ടുപോയ ഒരു രാജ്യാന്തര കിരീടത്തിനായുള്ള മെസിയുടെ സ്വപ്നത്തിനാണ് മാര്‍ട്ടിനെസ് ചിറകുനല്‍കിയിരിക്കുന്നത്. ഒരു ജയം ആ കാത്തിരിപ്പ് അവസാനിപ്പിക്കും.കളിക്കൊപ്പം കായികപരമായും കളത്തില്‍ കരുത്തുകാട്ടുന്ന കൊളംബിയക്കെതിരെ എളുപ്പമായിരുന്നില്ല അര്‍ജന്റീനയ്ക്ക്. ഏഴാം മിനിറ്റില്‍ മെസിയൊരുക്കിയ നീക്കത്തില്‍ ലൗതാരോ മാര്‍ട്ടിനെസ് ലക്ഷ്യം കണ്ടപ്പോള്‍ ആ ഗോളില്‍ കടന്നുകൂടാമെന്നായിരുന്നു അര്‍ജന്റീനയുടെ കണക്കുകൂട്ടല്‍. പക്ഷേ, കൊളംബിയ കളംപിടിച്ചതോടെ ആ മോഹം പൊലിഞ്ഞു. 61–-ാം മിനിറ്റില്‍ കൊളംബിയയെ ലൂയിസ് ഡയസ് ഒപ്പമെത്തിച്ചു. എയ്ഞ്ചല്‍ ഡി മരിയ ഇറങ്ങിയപ്പോള്‍ അര്‍ജന്റീന ചില മിന്നലാട്ടങ്ങള്‍ കാട്ടി.

Share news

Leave a Reply

Your email address will not be published. Required fields are marked *