കൊലക്കേസ് പ്രതിയായ അമിത് ഷായാണ് കര്‍ണാടകയില്‍ ബിജെപിയുടെ പ്രചരണം നയിക്കുന്നത്: രാഹുല്‍ ഗാന്ധി

ബംഗളുരു: ബിജെപിക്കും അവരുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസിലെ പ്രതിയായ അമിത് ഷായാണ് കര്‍ണാടകയില്‍ ബിജെപിയുടെ പ്രചാരണം നയിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രമുഖ ദേശീയ നേതാക്കളെല്ലാം എത്തിയതോടെ ഹൈ വോള്‍ട്ടേജിലാണ് കര്‍ണാടകയിലെ പ്രചാരണം.
തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം രണ്ടു ദിവസം മാത്രം ശേഷിക്കെ കര്‍ണാടകയില്‍ ആവേശം ഉച്ചസ്ഥായിയിലാണ്. നഗരങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ ആരവം പ്രകടമല്ലെങ്കിലും ദേശീയനേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ ലക്ഷക്കണക്കിന് പേരുടെ സാന്നിധ്യമാണ്. ഇന്ന് മൂന്ന് പൊതുയോഗങ്ങളില്‍ സംസാരിക്കുന്ന മോദി, സിദ്ധരാമയ്യക്കെതിരെയാണ് ആക്രമണം നടത്തി വരുന്നത്. മോദിയുടെ ഓരോ ആരോപണത്തിനും മറുപടിയുമായി രാഹുല്‍ ഗാന്ധിയും രംഗത്തുണ്ട്.

2019 ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കാതെ രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മോദി പഠിക്കണമെന്നായിരുന്നു രാഹുലിന്റെ മറ്റൊരു ഇന്നത്തെ വാചകം. മോദിയെ നേരിട്ട് കടന്നാക്രമിക്കുന്ന രീതിയിലുള്ള രാഹുലിന്റെ ശൈലി മാറ്റം പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്നുണ്ട്. സോണിയാ ഗാന്ധിയും അമിത് ഷായും ഇന്ന് കര്‍ണാടകയിലുണ്ട്. നാളെയും സംസ്ഥാനത്ത് തുടരുന്ന മോദി മറ്റന്നാള്‍ ബംഗളൂരുവില്‍ റോഡ് ഷോയും നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന സോണിയ ലിംഗായത്ത് സ്വാധീനമേഖലയായ വിജയപുരയിലെ റാലിയില്‍ പങ്കെടുക്കും. ചിക്ബളളാപുര, തുംകൂരു ജില്ലകളിലാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. കുടക്, ദക്ഷിണ കന്നഡ ജില്ലകളില്‍ അമിത് ഷാ പ്രചാരണം നടത്തും. രണ്ട് ദിവസം കൂടിയാണ് സംസ്ഥാനത്ത് പരസ്യപ്രചാരണത്തിന് അവശേഷിക്കുന്നത്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്.

