KOYILANDY DIARY.COM

The Perfect News Portal

കെഎം മാണിക്ക് ശേഷം ആര്?; കേരളാ കോണ്‍ഗ്രസില്‍ അധികാര വടംവലി

കോട്ടയം: കെഎം മാണിക്ക് ശേഷം നേതൃസ്ഥാനത്തിലേക്ക് ആരാണെന്നതിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ അധികാര വടംവലി അതിരൂക്ഷമാകുന്നു. കേരളാ കോണ്‍ഗ്രസ് എം ഉണ്ടായ കാലം തൊട്ടിങ്ങോട്ട് കെഎം മാണിയാണ് പാര്‍ട്ടി ചെയര്‍മാന്‍. കെഎം മാണിയുടെ മരണം നടന്ന് ഒരു മാസത്തിന് ശേഷവും പകരം നേതാവിനെ പ്രഖ്യാപിക്കാന്‍ കേരളാ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

കെഎം മാണിക്ക് പകരം പിജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാകണമെന്ന നിലപാട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ഉണ്ട്. എന്നാല്‍ പിജെ ജോസഫിന്‍റെ കയ്യിലേക്ക് പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനം വച്ചുകൊടുക്കുന്നതില്‍ ജോസ് കെ മാണിക്ക് ശക്തമായ വിയോജിപ്പ് ഉണ്ട്. പിജെ ജോസഫിനെ പരമാവധി ഒഴിവാക്കി നിര്‍ത്താന്‍ തന്നെയാണ് ജോസ് കെ മാണി വിഭാഗം ലക്ഷ്യമിടുന്നതും.

നേതൃസ്ഥാനത്തില്‍ ധാരണയാകാത്തതിനാലാണ് കെഎം മാണിയുട വിയോഗ ശേഷം ഒരു മാസം പിന്നിട്ടിട്ടും കേരളാ കോണ്‍ഗ്രസ് അനുസ്മരണ സമ്മേളനം പോലും നടത്താത്തതെന്നും ആക്ഷേപമുണ്ട്. പാലായില്‍ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ നിന്നും ജോസ് കെ മാണി അവസാന നിമിഷം വിട്ടു നിന്നു.

Advertisements

അതിനിടെ പിജെ ജോസഫിനെ വിമര്‍ശിച്ച്‌ പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയില്‍ വന്ന ലേഖനത്തെ ചൊല്ലിയും അമര്‍ഷം പുകയുകയാണ്. ബാര്‍കോഴ കേസില്‍ പ്രതിഷേധിച്ച്‌ എല്ലാവരും രാജി വക്കാന്‍ കെഎം മാണി തീരുമാനിച്ചെങ്കിലും പിജെ ജോസഫ് പാര്‍ട്ടി തീരുമാനത്തിന് ഒപ്പം നിന്നില്ലെന്ന വിമര്‍ശനത്തോട് ജോസഫ് പ്രതികരിച്ചില്ല. എന്നാല്‍ ലേഖനം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന നിലപാടാണ് സിഎഫ് തോമസ് അടക്കമുള്ളവര്‍ സ്വീകരിച്ചത്.

കെഎം മാണിയുടെ വിയോഗത്തോടെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിജെ ജോസഫിനെ പരിഗണിക്കണമെന്ന് മോന്‍സ് ജോസഫ് അടക്കം ജോസഫ് വിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞു. 27 ന് നിയമസഭാ സമ്മേളനം തുടങ്ങും മുമ്ബ് ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതരാകും. പിജെ ജോസഫുമായി സഹകരിച്ച്‌ മുന്നോട്ട് പോകാനാണ് ജോസ് കെ മാണി തീരുമാനിക്കുന്നതെങ്കില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനം ജോസഫിന് നല്‍കി ഒത്തു തീര്‍പ്പിനാകും ശ്രമം നടക്കുക.

പാര്‍ട്ടിയുടെ നേതൃ സ്ഥാനം കൈവിടാതെ ജോസ് കെ മാണി തന്നെ ചെയര്‍മാന്‍ പദവിയിലെത്താന്‍ തന്നെയാണ് നിലവിലെ സാധ്യത. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വമടക്കം കാര്യങ്ങളില്‍ ഇടഞ്ഞു നില്‍ക്കുന്ന പിജെ ജോസഫ് ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തുടര്‍ തീരുമാനങ്ങളാകാമെന്ന നിലപാടിലുമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *