കെ കുഞ്ഞിരാമക്കുറുപ്പ് സ്മാരക മന്ദിരം ഉടനടി പൂർത്തീകരിക്കണം: ജനതാദൾ എസ്

വടകര: സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ അമരക്കാരനുമായിരുന്ന കെ കുഞ്ഞിരാമക്കുറുപ്പിന് ചോമ്പാലയിൽ സ്മാരക മന്ദിരം ഉടനടി പൂർത്തിയാക്കണം. പൊതുസമൂഹത്തിൽ നിന്നും, പാർട്ടി അനുഭാവികളിൽ നിന്നും പിരിച്ചെടുത്ത് വാങ്ങിയ സ്ഥലം ദേശീയപാത വികസനത്തിന് വിട്ടുനൽകിയപ്പോൾ, ലഭിച്ച ഭീമമായ നഷ്ടപരിഹാര തുക ട്രസ്റ്റിന് പകരം വ്യക്തികൾ കൈകാര്യം ചെയ്യുന്നത് കുഞ്ഞിരാമക്കുറുപ്പിനോടുള്ള അവഹേളനമാണെന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

എത്രയും പെട്ടെന്ന് സ്മാരക മന്ദിരം നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു. യോഗത്തിൽ പി നാണു മാസ്റ്റർ, കെ പി പ്രമോദ്, പി പി പ്രകാശൻ ബിനീഷ് പി കെ, ഹരിദേവ് എസ് വി തുടങ്ങിയവർ സംസാരിച്ചു.


