കുത്തിയത് ശിവരഞ്ജിത്ത് തന്നെ, അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ വിദ്യാര്‍ത്ഥി അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖില്‍ പൊലീസിന് മൊഴി നല്കി. സംഘര്‍ഷത്തിനിടെ നസീം തന്നെ പിടിച്ചുവച്ചതിന് പിന്നാലെ ശിവരഞ്ജിത്ത് കുത്തുകയായിരുന്നെന്ന് അഖില്‍ പറഞ്ഞു.
എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയെ അംഗീകരിക്കാത്ത ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കോളേജിലുണ്ടായിരുന്നു. ഇതില്‍ താനുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് യൂണിറ്റ് കമ്മിറ്റിയിലുള്ള ചിലര്‍ക്ക് തങ്ങളോട് വിരോധമുണ്ടായിരുന്നെന്ന് അഖില്‍ പറഞ്ഞു.ക്യാമ്ബസില്‍ പാട്ടു പാടരുതെന്നും ക്ലാസില്‍ പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഇതിന് പിന്നാലെ നസീം തന്നെ പിടിച്ചുവച്ച് ശിവരഞ്ജിത്ത് കുത്തുകയായിരുന്നെന്ന് അഖില്‍ പൊലീസിനോട് പറഞ്ഞു. അഖില്‍ ഇക്കാര്യങ്ങള്‍ ഡോക്ടറോടും അച്ഛനോടും നേരത്തെ പറഞ്ഞിരുന്നു.

പരിക്കേറ്റ അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കേസില്‍ ദൃക്സാക്ഷികളുടെ അടക്കം മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ആറു പേരുള്‍പ്പടെ 16 പേര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. അഖിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, മുഖ്യപ്രതികളായ ശിവരഞ്ജിത്തിന്റെയും, നസീമിന്റെയും കസ്റ്റഡി അപേക്ഷ രാവിലെ കോടതി പരിഗണിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് എത്താത്തതിനെ തുടര്‍ന്ന് മാറ്റി വെച്ചു. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്ത് ,യൂണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. പ്രതികളുപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്.

