KOYILANDY DIARY.COM

The Perfect News Portal

കാഴ്ച പരിമിതിയുള്ള യുവാവിന് കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനം

കൊല്ലം: കാഴ്ച പരിമിതിയുള്ള യുവാവിന് കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനം. പോളയത്തോട് വയലില്‍ തോപ്പില്‍ ഷിബു (37)വാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെയാണ് സംഭവം.

ഇരുകണ്ണിനും കാഴ്ചക്കുറവുള്ള ഷിബു റോഡരികില്‍ തൈലം വില്‍പ്പന നടത്തിയാണ് ഉപജീവനം നടത്തുന്നത്. ഇന്നലെ രാവിലെ കല്ലമ്ബലത്ത് കച്ചവടത്തിന് കൊല്ലത്തുനിന്നും ബസ് ഇറങ്ങി അഞ്ച് മിനിട്ടിനകം പൊലീസ് എത്തി കൂട്ടി കൊണ്ടു പോകുകയായിരുന്നു. പെട്ടിയിലെ തൈലങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു മര്‍ദ്ദനവും അസഭ്യ വര്‍ഷവും.

താന്‍ യാത്ര ചെയ്ത ബസില്‍വച്ച്‌ മൂന്ന് സ്ത്രീകളുടെ ബാഗില്‍ നിന്ന് പണം നഷ്ടപ്പെട്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് തന്നെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതെന്നും ഷിബു പറഞ്ഞു. എസ് ഐ അസഭ്യം പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഒരു പൊലീസുകാരന്‍ കുനിച്ചു നിറുത്തി മുതുകിന് ഇടിച്ച ശേഷം അടി വയറ്റിന് തൊഴിച്ചു. താന്‍ പണം എടുത്ത് ഒളിപ്പിച്ചു വെച്ച സ്ഥലം കാണിച്ചു കൊടുക്കണമെന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനമെന്നും ഷിബു പരാതിപ്പെട്ടു.

Advertisements

വൈകിട്ടുവരെ വെള്ളം പോലും കൊടുക്കാതെ ഷിബുവിനെ സ്റ്റേഷന്റെ മൂലയിലിരുത്തി. കല്ലമ്ബലത്ത് നിന്ന് ആരോ വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തൊട്ടടുത്തെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കല്ലമ്പലത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തി ഷിബുവിനെ കൂട്ടികൊണ്ടുപോകുകയായിരുന്നു.
രാത്രി വയറിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഷിബു ഉദര സംബന്ധമായ രോഗത്തിന് ഒരു മാസം മുമ്പ്‌ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പകല്‍ അക്ഷരങ്ങള്‍ വ്യക്തമാകാത്ത മങ്ങിയ കാഴ്ച മാത്രമുള്ള ഷിബുവിന് വൈകിട്ട് ഒന്നും കാണാന്‍ കഴിയില്ല. താന്‍ കാഴ്ച ശക്തി ഇല്ലാത്ത ആളാണെന്നും ഓപ്പറേഷന്‍ അടുത്തിടെ കഴിഞ്ഞെന്നും പൊലീസിനെ അറിയിച്ചെങ്കിലും രക്ഷയുണ്ടായില്ലെന്ന് ഷിബു പറയുന്നു.തന്നെ ക്രൂരായി ഉപദ്രവിച്ച പൊലീസുകാരനെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഷിബു പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *