കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

കൊയിലാണ്ടി: പയ്യോളി ദേശീയപാതയില്‍ പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികയില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന് മുഹമ്മദ് ഫായിസ് (20), പേരാമ്പ്ര പൈതോത്ത് തട്ടോത്ത് വീട്ടില്‍ വിജയന്റെ മകന് വിഷ്ണു (20) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ഥികളായ ഇവര്‍ നാട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇതുവഴി കടന്നുവന്ന വാഹനയാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് തകര്‍ന്ന കാറില്‍ നിന്ന് രണ്ടുപേരേയും പുറത്തെടുത്തത്.

വടകരയില്‍നിന്ന് നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റും പയ്യോളി പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

