കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ പി.ജയരാജന് മുഖ്യപങ്കെന്ന് സിബിഐ

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. കേസില്‍ 25-ാം പ്രതിയാണ് ജയരാജന്. 19 പ്രതികള്‍ക്കെതിരായ കുറ്റപത്രം നേരത്തെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ സിബിഐ വാദങ്ങളെല്ലാം തെറ്റാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിക്കുന്നു.

