ഓർമ്മകളിലൂടെ യു.എ.ഖാദർ കൊരയങ്ങാട് തെരുവിന്റെ ഹൃദയത്തിൽ തൊട്ടറിഞ്ഞു

കൊയിലാണ്ടി: ഓർമ്മകൾ അയവിറക്കി തൃക്കോട്ടൂരിന്റെ കഥാകാരൻ യു.എ.ഖാദർ കൊരയങ്ങാട് തെരുവിലെ മഹാഗണപതി ക്ഷേത്രത്തിന്റെ മുന്നിലെത്തി. – മാ മൊയ്ദിയുടെ മകൻ മലയാളത്തിന്റെയും – എന്ന തന്റെ പേരിൽ നിർമ്മിക്കുന്ന ഡോക്യൂമെന്റെറിയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് യു.എ. ഖാദർ താൻ കളിച്ച് വളർന്ന കൊരയങ്ങാട് തെരുവിലെത്തിയത്.
ബർമ്മയിൽ പിറന്ന് യുദ്ധകാലത്ത് പിതാവിനൊപ്പം അഞ്ചാം വയസ്സിൽ കൊയിലാണ്ടിയിലേക്ക് പാലായനം ചെയ്ത് എത്തിയത് തെരുവിന് തൊട്ടടുത്തുള്ള അമേത്ത് എന്ന പിതാവിന്റെ തറവാട്ടിലായിരുന്നു തന്റെ കുട്ടിക്കാലം. തെരുവിലെ നെയ്ത്തുകാരുടെ കുട്ടികളോടൊപ്പമായിരുന്നു ഖാദർ കളിച്ചു വളർന്നത്. സാഹിത്യ ജീവിതത്തിന്റെ അടിത്തറ കൊരയങ്ങാട് തെരു ആയിരുന്നു. അവിടത്തെ ക്ഷേത്രത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും ഖാദറിന്റ ഓർമ്മയിൽ ഇന്നും മായാതെ നിൽക്കുന്നു. പ്രത്യേകിച്ച് വിഷുനാളിൽ നടക്കുന്ന പണ്ടാട്ടി ആഘോഷവും (ചപ്പക്കെട്ട് ) അതിൽ പങ്കെടുക്കുന്നതും ഖാദർ ഓർമ്മിക്കുന്നു. തന്റെ പ്രസിദ്ധമായ രചനകളിൽ കൊരയങ്ങാട് തെരുവിന്റെ പശ്ചാത്തലം നിരവധി തവണ വിവരിച്ചിട്ടുണ്.

സതീർത്ഥ്യരായിരുന്ന പി.കെ. കേളു കൂട്ടിയെയും, മുൻ കെ. ഡി.സി. ബാങ്ക് മാനേജരായിരുന്ന പി.കെ. ശ്രീധരനെയും അനുസ്മരിക്കാൻ മറന്നില്ല. നെയ്ത്ത് ഉപജീവനമായി കഴിഞ്ഞിരുന്ന അന്നത്തെ കാലവും ഖാദറിന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല. തെരുവിലെ നടപ്പാതയുടെ ഇരു ഭാഗത്തും നൂലുകൾ കഞ്ഞിപശയിൽ മുക്കി ഉണക്കാനിടുന്നതിന്റെ ഗന്ധവും ഇപ്പോഴും തന്റെ നാസാരന്ധ്രങ്ങളിൽ തങ്ങി നിൽക്കുന്നതായി ഖാദർ പറയുന്നു. താൻ സാഹിത്യ രംഗത്ത് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിൽ കൊരയങ്ങാട് തെരു ഒരു പ്രധാന പങ്ക് വഹിച്ചതായും ഖാദർ പറഞ്ഞു. എൻ.ഇ. ഹരികുമാറാണ് ഡോക്യൂമെന്റെറിയുടെ സംവിധായകൻ. കൊയിലാണ്ടിയുടെ വിവിധ പ്രദേശങ്ങളിൽ ഷൂട്ടിംഗ് പുരോഗമിച്ചു വരുകയാണ്. ഖാദർ തന്റെ എഴുത്തിലൂടെ മലയാള സാഹിത്യത്തിനു പരിചയപ്പെടുത്തിയ മുഴുവൻ സ്ഥലങ്ങളിലൂടെയുള്ള ഖാദറിന്റെ ജീവിതം അനാവരണം ചെയ്യുന്നതാണ് ഡോക്യൂമെന്റെറി.

