ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: ചാലക്കുടിപ്പുഴയിലെ അന്നമനട കല്ലൂര്‍ ചൂണ്ടാണിക്കടവില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലൂര്‍ കളത്തില്‍ ശിവദാസിന്റെ മകന് ഗോകുല്‍ദാസിന്റെ (അപ്പൂസ്-22) മൃതദേഹമാണ് ഇന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് നാലോടെ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ കടവിലിറങ്ങിയപ്പോഴാണ് യുവാവ് ഒഴുക്കില്‍പെട്ടത്. മാളയില്‍നിന്നും പോലീസും ഫയര്‍ഫോഴ്സും എത്തി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. തെരച്ചിലിനിടെ രാത്രി ബോട്ട് മറിയുകയും ലൈറ്റ് സംവിധാനങ്ങള്‍ വെള്ളത്തില്‍ വീഴുകയും ചെയ്തിരുന്നു. ഇന്നു പുലര്‍ച്ചെ തെരച്ചില്‍ വീണ്ടും തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീമിലെ മുങ്ങല്‍ വിദഗ്ധരാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. അമ്മ മിനി. സഹോദരി അനഘ.

