KOYILANDY DIARY.COM

The Perfect News Portal

എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരേ പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി

ദില്ലി: എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. ശബരിമല ദര്‍ശനത്തിന് എത്തിയപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ സന്ദര്‍ശനത്തിനായെത്തിയപ്പോള്‍ നിലയ്ക്കലില്‍ വെച്ച്‌ തടയുകയും കേന്ദ്രമന്ത്രിയായ തന്നോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കാലത്ത് നിലയ്ക്കലിന്റെ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

എസ്പി യതീഷ് ചന്ദ്ര തന്നെ അപമാനിച്ചുവെന്നും ധിക്കാരത്തോടെ പെരുമാറിയെന്നും നോട്ടീസില്‍ പറയുന്നു. നിലയ്ക്കലില്‍ നിന്ന് സ്വന്തം വാഹനത്തില്‍ പോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞതാണ് പ്രധാന പ്രശ്‌നമായി ഉന്നയിച്ചിരിക്കുന്നത്. താന്‍ കേന്ദ്രമന്ത്രിയാണെന്ന് അറിഞ്ഞിട്ടും യതീഷ് ചന്ദ്രയുടെ ഭാഗത്ത് നിന്ന് വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും നോട്ടീസില്‍ പറയുന്നു.

ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് കേന്ദ്രമന്ത്രിയായ തന്നോട് യതീഷ് ചന്ദ്ര ചോദിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് യതീഷ് ചന്ദ്ര വ്യക്തമായ മറുപടി നല്‍കിയില്ലെന്നും പൊന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. പൊന്‍ രാധാകൃഷ്ണന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസ് പരിഗണിക്കാം എന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. നോട്ടീസിന്മേല്‍ തുടര്‍നടപടികള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ലോക്‌സഭാ ചര്‍ച്ചയില്‍ തീരുമാനിക്കും.

Advertisements

ശബരിമല ദര്‍ശനത്തിനെത്തിയ സമയത്ത് സ്വകാര്യ വാഹനങ്ങള്‍ പമ്ബയിലേക്ക് കടത്തിവിടാന്‍ അനുവദിക്കാതിരുന്നതിനെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യത്തിന് പ്രളയത്തിനു ശേഷം മണ്ണിടിയുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഏതു സമയത്തും അപകടം സംഭവിക്കാമെന്നതിനാലാണ് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാത്തതെന്നും എസ്പി യതീഷ് പറഞ്ഞ് മനസ്സിലാക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അങ്ങനെയെങ്കില്‍ കെസ്‌ആര്‍ടിസി ബസുകള്‍ കടത്തിവിടുന്നതും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതും എന്തിനാണെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. കെസ്‌ആര്‍ടിസി ബസുകള്‍ യാത്രക്കാരെ അവിടെ എത്തിച്ചയുടന്‍ തിരികെ വരികയാണെന്നും പാര്‍ക്ക് ചെയ്യുന്നില്ലെന്നും എസ്പി അറിയിക്കുകയും ചെയ്തു.

ഭക്തരെ ദ്രോഹിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച കേന്ദ്രമന്ത്രി ബിജെപി നേതാക്കളുടെയടക്കം സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ ‘അങ്ങനെയെങ്കില്‍ നിങ്ങള്‍ ഉത്തരവ് തരൂ സാര്‍ ഞങ്ങള്‍ അനുസരിക്കാം’ എന്നായിരുന്നു എസ്പിയുടെ മറുപടി. പക്ഷേ താന്‍ അങ്ങനെ ചെയ്യില്ലെന്നും തനിക്ക് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അതാണ് സാര്‍ കാര്യം ആര്‍ക്കും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ല്’ എന്നായിരുന്നു അന്ന് എസ്പി യതീഷ്ചന്ദ്ര പ്രതികരിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *