KOYILANDY DIARY.COM

The Perfect News Portal

എസ്.എൻ.ഡി.പി യോഗം കോളേജിന് നാക് അക്രഡിറ്റേഷൻ പദവി

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി യോഗം കോളേജിന് നാക് അക്രഡിറ്റേഷൻ ലഭിച്ചു. ബി ഡബിൾ പ്ലസ് ‌(B++) പദവിയാണ് കോളേജിന് ലഭിച്ചത്. 2019 ഡിസംബറിലാണ് നാക് അക്രഡിറ്റേഷനായുള്ള എസ് എസ് ആർ (self study report) കോളേജ്  നാക്കിന്‌ സമർപ്പിച്ചത്. തുടർന്ന് പഞ്ചാബ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അരവിന്ദർ സിംഗ് ചൗളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ നാക് പിയർ ടീം  മാർച്ച് 1,2 തിയ്യതികളിൽ കോളേജിൽ സന്ദർശനം നടത്തി. പഠന-പാഠ്യേതര പ്രവർത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തിയിരുന്നു. അക്കാദമിക്ക് രംഗത്ത്‌  കോളേജ് എന്നും മുൻ നിരയിൽ ആയിരുന്നു.

വിവിധ വിഷയങ്ങളിൽ റാങ്ക് ഉൾപ്പെടെ മികച്ച വിജയം കൈവരിക്കാൻ ഈ കാലയളവിൽ കോളേജിന് കഴിഞ്ഞിട്ടുണ്ട്. ബി-സോൺ, ഇന്റർസോൺ കലോത്സവങ്ങളിലും കോളേജ് മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. 1995ൽ മൂന്നു ഡിഗ്രി കോഴ്‌സകളുമായി ആരംഭിച്ച കോളേജിൽ നിലവിൽ 6 ഡിഗ്രി കോഴ്‌സുകളും ഒരു പിജി കോഴ്സുമാണ് ഉള്ളത്. ഈ വർഷം ഒരു പിജി (എംകോം) കൂടി കോളേജിന് ലഭിച്ചിട്ടുണ്ട്. നാക് അക്രഡിറ്റേഷൻ ലഭിച്ചതോടെ കോളേജിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കാനും റിസർച്ച് സെന്റർ ആയി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് പ്രിൻസിപ്പൽ ഡോ. ജെ,എസ് അമ്പിളി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *