എരഞ്ഞിപ്പാലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. എരഞ്ഞിപ്പാലത്ത് നിന്ന് കാരപ്പറമ്പിലേയ്ക്ക് പോവുകയായിരുന്ന അജിതനായര്‍ ഓടിച്ച കാറും കാരപ്പറമ്പില്‍നിന്ന് ഗോവിന്ദപുരത്തേയ്ക്ക് പോവുകയായിരുന്ന അതുല്‍ കൃഷ്ണന്‍ ഓടിച്ച കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ അജിത ഓടിച്ച കാറിന്റെ മുന്‍ഭാഗത്തെ ഒരു ടയര്‍ ഊരിത്തെറിച്ചുപോയി. അപകടത്തിന്റെ ആഘാതത്തില്‍ ഇരുകാറുകളുടേയും മുന്‍ഭാഗങ്ങള്‍ക്ക് ഭാഗികമായി കേടുപറ്റി. ഇടിയുടെ വന്‍ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടി. പരിക്കുകളില്ലെന്ന് ഇരുവരും പറഞ്ഞു. എടക്കാടുള്ള ഒരു സ്വകാര്യ ആസ്പത്രിയില്‍ ജീവനക്കാരിയാണ് അജിത.

നെഞ്ച് വേദനയെത്തുടര്‍ന്ന് അവര്‍ അരയിടത്ത് പാലത്തുള്ള ഒരു സ്വകാര്യആസ്പത്രിയില്‍ ചികിത്സ തേടി. അതുല്‍കൃഷ്ണ ഗോവിന്ദപുരത്ത് ഒരു ഇരുചക്രവാഹനത്തിന്റെ വില്‍പ്പനശാല നടത്തുന്നയാളാണ്. ട്രാഫിക് എസ്.ഐ. ജയരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഗതാഗതതടസ്സമുണ്ടാക്കിയ അപകടത്തില്‍പ്പെട്ട ഇരുകാറുകളും ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് സിറ്റി ട്രാഫിക് അധികൃതര്‍ പറഞ്ഞു.
