എന്തുസംഭവിക്കുമെന്ന ആകാംക്ഷയോടെ കാത്തിരുന്ന ജനക്കൂട്ടം

പേരാമ്പ്ര: എന്തുസംഭവിക്കുമെന്ന ആകാംക്ഷയോടെ കാത്തിരുന്ന ജനക്കൂട്ടം. ജില്ലാ സ്കൂള്‍ കലോത്സവത്തിലെ കവാടത്തിനരികിലേക്കായി എല്ലാ കണ്ണുകളും. ആളിപ്പടരുന്ന തീയില്‍നിന്ന് നിമിഷങ്ങള്‍ക്കകം പുറത്തേക്ക് കടക്കുന്ന മാന്ത്രികന്‍. സുഹൃത്തുക്കളും നാട്ടുകാരും കൈയടിയോടെ മജീഷ്യന്‍ ചക്രപാണി കുറ്റിയാടിയെ വരവേറ്റു. കലോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രിയായിരുന്നു ചക്രപാണിയുടെ ഫയര്‍ എസ്കേപ്പ് നടന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, പഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന തുടങ്ങിയവര്‍ ചേര്‍ന്ന് ചങ്ങലകളാല്‍ ചുറ്റിയ മാന്ത്രികനെ 12 പൂട്ടുകളിട്ട് പൂട്ടി. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് വയ്ക്കോലുകളാല്‍ നിര്‍മിച്ച വലിയ പെട്ടിയിലേക്ക് ഇറക്കി. പിന്നെ പടക്കം പൊട്ടവേ പെട്രോളൊഴിച്ച് തീക്കൊളുത്തി. ആളിപ്പടരുന്ന തീയിലൂടെ മാന്ത്രികന്‍ ജനങ്ങള്‍ക്കരികിലേക്ക്. ജനപ്രതിനിധികളും ഉപഹാരം നല്‍കി വരവേറ്റു.

