എം.ഐ.യു.പി. സ്കൂളിലെ ഔക്ഷധത്തോട്ടം ഏറെ ശ്രദ്ധേയമാകുന്നു

കുറ്റ്യാടി: എം.ഐ.യു.പി. സ്കൂളിലെ ഔക്ഷധത്തോട്ടം ഏറെ ശ്രദ്ധേയമാകുന്നു. സ്കൂളിന്റെ തൊണ്ണൂറാം വാര്‍ഷികാഘോഷ വേളയില്‍ എത്തിയ പ്രകൃതി സ്നേഹിയും ഔഷധസസ്യ പ്രചാരകനുമായ സസ്യ ഭാരതി ഉസ്താദ് മടിക്കൈ ഹംസ വൈദ്യരുടെ പ്രേരണയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ മുറ്റത്ത് ജൈവ വൈവിദ്ധ്യ ഔഷധത്തോട്ടനിര്മ്മാണത്തിന്ന് പ്രചോദനമായത്.
നൂറിലധികം വ്യത്യസ്ത ഔഷധച്ചെടികളാണ് ഇവിടെയുള്ളത്. പച്ച കര്‍പ്പൂരം, മഞ്ഞള്‍, കറിവേപ്പ്, കറ്റാര്‍വാഴ, വേപ്പ്, ആടലോടകം, അയമോദകം, കൂര്‍ക്ക, തുമ്പ, വാതംകൊല്ലി, പിച്ചകം, ഇഞ്ചി, വിവിധ ഇനം തുളസികള്‍, ചെമ്പരത്തി, കുരുമുളക് തുടങ്ങി നിരവധി സസ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ വളര്‍ത്തിയെടുത്തത്.

സ്കൂള്‍ സയന്‍സ് ക്ലബ്ബിനാണ് തോട്ടപരിപാലനത്തിന്റെ ചുമതല. പാഠ്യവിഷയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന സസ്യങ്ങളെ നേരിട്ടറിഞ്ഞും തൊട്ടറിഞ്ഞും പഠിക്കാന്‍ ഏറെ സഹായകമാണ് ഈ തോട്ടമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഓരോ സസ്യങ്ങളുടെയും ശാസ്ത്രനാമവും ഔഷധ മൂല്യവും അറിയാന്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം താല്പര്യം കാണിക്കാറുണ്ടെന്ന് അദ്ധ്യാപകരും പറയുന്നു.

കുറ്റ്യാടി ചാപ്റ്റര്‍ ഓയ്സ്കയുമായി ചേര്‍ന്ന് ഔഷധത്തോട്ടം വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. വഴികാട്ടികളായി അദ്ധാപകരായ ജമാല്‍ കുറ്റ്യാടിയും എം.ഷഫീഖും ഒപ്പമുണ്ട്.

