ഇന്ത്യ-പാക് ഫൈനലിന് 2000 കോടി രൂപയുടെ വാതുവെപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനോടനുബന്ധിച്ച് 2000 കോടി രൂപയുടെ പന്തയം. ഓണ്‍ലൈന്‍ വഴിയുള്ള ചൂതാട്ടം നിയമവിധേയമായ ലണ്ടനാണ് പന്തയത്തിന്റെ കേന്ദ്രം. ഓള് ഇന്ത്യാ ഗെയിമിങ് ഫെഡറേഷനാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
പന്തയത്തിലെ പ്രിയടീം ഇന്ത്യ തന്നെയാണ്. പക്ഷേ പന്തയത്തുകയും വിജയിച്ചാല്‍ ലഭിക്കുന്ന തുകയും കുറവാണ്. ഇന്ത്യക്ക് വേണ്ടി 100 രൂപക്ക് പന്തയം വെക്കുകയും ഇന്ത്യ വിജയിക്കുകയും ചെയ്താല്‍ 147 രൂപയാണ് തിരികെ ലഭിക്കുക. അതേസമയം പാകിസ്താന് വിജയിച്ചാല്‍ ഒരാള്‍ക്ക് ലഭിക്കുന്നത് 300 രൂപയാണ്.

”ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന എല്ലാ മത്സത്തിനും കൂടി ഏകദേശം രണ്ടു ലക്ഷം കോടി രൂപയ്ക്കുള്ള വാതുവെപ്പാണ് നടന്നത്. ഒരു ഫൈനലില്‍ ഇന്ത്യയും പാകിസ്താനും വരുന്നത് പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്. അതുകൊണ്ടു തന്നെയാണ് വാതുവെപ്പ് കൂടിയതും” ഗെയിമിങ് ഫെഡറേഷന് സി.ഇ.ഒ റോളണ്ട് ലാന്‍ഡേഴ്സ് ചൂണ്ടിക്കാട്ടുന്നു.

മത്സരഫലം വാതുവെപ്പിന്റെ ഒരു ഭാഗം മാത്രമാണ്. 10 ഓവറിനുള്ളിലെ മത്സരഫലം നിശ്ചയിച്ചും അതല്ലെങ്കില്‍ ടീം ടോട്ടല്‍ കണക്കുകൂട്ടിയും വാതുവെപ്പ് നടത്താം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാതുവെപ്പ് നിയമവിരുദ്ധമാണ്. പക്ഷേ ഇ-വാലെറ്റും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ലണ്ടനിലെ വെബ്സൈറ്റുകള്‍ വഴി ഇന്ത്യക്കാര്‍ക്കും വാതുവെപ്പില്‍ പങ്കെടുക്കാം.

