ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം> ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഷട്ടര്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ മേഖലയില്‍ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് തടയാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളില്‍ വിനോദസഞ്ചാരികളെയും കാഴ്ച കാണാനും പകര്‍ത്താനും എത്തുന്നവരെയും നിയന്ത്രിക്കാന്‍ ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും അതാത് സമയങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.

അണക്കെട്ട് നിറഞ്ഞു ഷട്ടറുകള്‍ തുറന്നാല്‍ ആ സമയത്ത് പുഴയുടെ തീരത്തുള്ള വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വൈദ്യുതി വകുപ്പും മുന്നറിയിപ്പ് നല്കി.
അണക്കെട്ട് തുറക്കേണ്ടിവന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

* 2013ല്‍ ഇടമലയാര്‍ തുറന്നുവിട്ടപ്പോള്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഇത്തവണയും വെള്ളമെത്താന്‍ സാധ്യതയുണ്ട്.

* ഷട്ടര്‍ തുറന്നശേഷം ആരും നദി മുറിച്ചുകടക്കാന്‍ പാടില്ല. പാലങ്ങളിലും നദിക്കരയിലും കൂട്ടംകൂടി നില്‍ക്കുകയോ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്.
* നദിയില്‍ ഒരാവശ്യത്തിനും ഇറങ്ങരുത്.
* പ്രധാനപ്പെട്ട രേഖകള്‍, ആഭരണങ്ങള്‍, വിലപിടിപ്പുള്ള സാധനങ്ങള്‍ എന്നിവ വീട്ടിലെ എളുപ്പം എടുക്കാന്പറ്റുന്ന ഉയര്‍ന്നസ്ഥലത്ത് സൂക്ഷിക്കുക.
* ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങള്‍ വീട്ടില്‍ എല്ലാവരോടും പറഞ്ഞിരിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ പുറത്തുപോയവരെ കാത്തുനില്‍ക്കാതെ വീടുവിട്ടിറങ്ങണം.
* സുരക്ഷിതമെന്ന് നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് സ്വമേധയാ മാറാന്‍ തയ്യാറാകണം.
* വെള്ളം കെട്ടിടത്തില്‍ പ്രവേശിച്ചാല്‍ മെയിന്‍ സ്വിച്ച് ഓഫാക്കുക.
* വീട്ടില്‍ രോഗികളോ, അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഉണ്ടെങ്കില്‍ അവരെ ആദ്യം മാറ്റണം. സഹായം ആവശ്യമുണ്ടെങ്കില്‍ നേരത്തേ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.
* വാഹനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
* വളര്‍ത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. അല്ലെങ്കില്‍ അഴിച്ചുവിടണം.
* രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം ലഭിച്ചവര്‍ മാത്രം ഇറങ്ങുക.
* പരിഭ്രാന്തരാവുകയോ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുത്.
* അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക.
* ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. ആകാശവാണിനിലയങ്ങള് ശ്രദ്ധിക്കുക.
* ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക.
എമര്‍ജന്‍സി കിറ്റ്
നദിക്കരയോടുചേര്‍ന്ന് താമസിക്കുന്നവരും മുമ്ബ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികള്‍ (എമര്‍ജന്‍സി കിറ്റ്) കരുതണം. മൊബൈല്‍ ഫോണ്‍, ടോര്‍ച്ച്, അരലിറ്റര്‍ വെള്ളം, ഒരു പാക്കറ്റ് ഒ.ആര്.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, 100 ഗ്രാം കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ചെറിയ കത്തി, ക്ലോറിന്‍ ഗുളിക, ആന്റിസെപ്റ്റിക് ലോഷന്‍, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകേണ്ടത്.
അടിയന്തര ഘട്ടങ്ങളില്‍
എറണാകുളം 04841077 (7902200300, 7902200400)
ഇടുക്കി 048621077 (9061566111, 9383463036)
തൃശ്ശൂര്‍ 04871077, 2363424 (9447074424).എന്നീ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്ബറുകളില്‍ ബന്ധപ്പെടാം.
