KOYILANDY DIARY.COM

The Perfect News Portal

ആവേശമായി ജനനായകന്‍

ഇടുക്കി:  തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് കൊടുമുടിയോളം എത്തിച്ച് ജനനായകന്റെ പര്യടനം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കാകെയും ആവേശം പകര്‍ന്ന് മുന്നണിയുടെ അമരക്കാരന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജന്‍ ബുധനാഴ്ച ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് എത്തിയത്. ജില്ലയിലെ ജീവല്‍പ്രശ്നങ്ങള്‍ കൃത്യതയോടെ അവതരിപ്പിച്ച പിണറായി ഇടുക്കിയുടെ മനസ് തൊട്ടറിഞ്ഞു. ഇടുക്കിക്കാരനെ പോലെ നാടിന്റെ നൊമ്പരങ്ങള്‍ ഒന്നൊന്നായി നിരത്തുകയായിരുന്നു. മലനാടിന്റെ മനസില്‍ ഇടംനേടിയുള്ള വാക്കുകള്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ ആരവത്തോടെയാണ് എതിരേറ്റത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, പട്ടയപ്രശ്നം, തോട്ടം മേഖലയിലെ വിഷയങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച, നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലാഴ്മ  എന്നിവ പിണറായി ജനങ്ങളുമായി സംവദിച്ചു.
ഏലപ്പാറ, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിലെ യോഗങ്ങളില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, ജോയ്സ് ജോര്‍ജ് എംപി, സിപിഐ സംസ്ഥാന കൌണ്‍സിലംഗങ്ങളായ മാത്യു വര്‍ഗീസ്, സി എ ഏലിയാസ്, എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. ആദ്യയോഗം രാവിലെ ഏലപ്പാറയിലായിരുന്നു. തോട്ടം തൊഴിലാളികളുള്‍പ്പെടെ ആയിരങ്ങള്‍ അണിചേര്‍ന്ന യോഗം പീരുമേട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ എസ് ബിജിമോളുടെ വിജയം വിളിച്ചറിയിക്കുന്നതായി. പ്രവര്‍ത്തകരും ബഹുജനങ്ങളും ഏലപ്പാറ പി ടി സൈമണ്‍ ആശാന്‍ മന്ദിരത്തിന് സമീപത്തുനിന്നും പിണറായി വിജയനെ ബാന്റുമേളത്തിന്റെ അകമ്പടിയോടെ പഞ്ചായത്ത് ബസ്സ്റ്റാന്റിലെ സമ്മേളനവേദിയിലേക്ക് ആനയിച്ചു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടെ പങ്കാളികളായി.
ബിജിമോള്‍ പിണറായിയെ ഷാളണിയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജന്‍ പിണറായിയെ തേയിലമാല അണിയിച്ചാണ് വരവേറ്റത്.എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ പി എസ് ഭാസ്കരന്‍ അധ്യക്ഷനായി.
കട്ടപ്പനയില്‍ കര്‍ഷകരും ചുമട്ടുതൊഴിലാളികളും വീട്ടമ്മമാരും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം ആവേശംവിതറി. യോഗത്തില്‍ സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ സജി അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി വി ആര്‍ ശശി സ്വാഗതം പറഞ്ഞു. ഇടുക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജും മറ്റ് നേതാക്കളും പിണറായിയെ ഷാളണിയിച്ചു വരവേറ്റു. എല്‍ഡിഎഫ് നേതാക്കളായ സി വി വര്‍ഗീസ്, പി എന്‍ വിജയന്‍, വി എം മോഹനന്‍, എന്‍ ശിവരാജന്‍, എന്‍ വി ബേബി, മാത്യൂ സ്റ്റീഫന്‍, അനില്‍കൂവപ്ളാക്കല്‍, ജോണി ചെരുപറമ്പില്‍, പി എം മാത്യൂ, കെ എം തോമസ്, ഇ ആര്‍ രവീന്ദ്രന്‍, കെ പി സുമോദ്, മാത്യൂ ജോര്‍ജ്, ടോമി ജോര്‍ജ്, വി കെ സോമന്‍, എസ് എസ് പാല്‍രാജ്, സി എസ് അജേഷ്, ഗിരീഷ് മാലിയില്‍ എന്നിവര്‍ സംസാരിച്ചു.
ഉജ്വല വരവേല്‍പ്പാണ് പിണറായിക്ക് അടിമാലി ഒരുക്കിയത്. വൈകിട്ട് തടിച്ചുകൂടിയ വമ്പിച്ച ജനാവലി എല്‍ഡിഎഫിന്റെ കരുത്ത് വിളിച്ചോതി. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ നേരത്തെതന്നെ എത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 25ലക്ഷം പുതിയ തൊഴില്‍ അവ സരങ്ങള്‍ സൃഷ്ടിക്കുമെന്ന പിണറായിയുടെ പ്രഖ്യാപനം ഹര്‍ഷാരവത്തോടെയാണ് യുവജനങ്ങള്‍ ഏറ്റെടുത്തത്.
എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി കെ വി ശശി, ദേവികുളം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് രാജേന്ദ്രന്‍ എന്നിവര്‍ പിണറായിയെ സ്വീകരിച്ചു. വിനു സക്കറിയ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ എം എന്‍ മോഹനന്‍, ഡോ. കെ രാജഗോപാല്‍, കെ കെ ബാബു, ജോര്‍ജ് അഗസ്റ്റിന്‍, ഗോപി രാമന്‍, കെ എം മൈദീന്‍, സി എച്ച് അഷ്റഫ്, ടി കെ ഷാജി, എം വി ശശികുമാര്‍, ടി പി രാജപ്പന്‍, ഫിലോമിന, ജോസ് പുല്ലന്‍, ഷൈലജ സുരേന്ദ്രന്‍, ആര്‍ ഈശ്വരന്‍, കെ കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Share news